മലയാള സിനിമയിലെ മുന്‍നിര സംവിധായകര്‍, മമ്മൂട്ടി ചിത്രം മുതല്‍ നസ്‍ലെന്‍ ചിത്രം വരെ സൂപ്പര്‍ ഹിറ്റാക്കിയവര്‍, സമൂഹത്തിലും സൈബറിടത്തും നിരവധി ആരാധകരുള്ള സംവിധായകര്‍, പക്ഷെ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഇന്നലെ ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടിയിലായപ്പോള്‍ ഇതുവരെ കണ്ട മുഖമായിരുന്നില്ല, ചമ്മലോടെ, മാസ്ക് ധരിച്ച്, മുഖം കുനിച്ച് അറസ്റ്റ് വരിച്ചു. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു എക്സൈസ് റെയ്ഡ്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്.
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്ലാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.
ലഹരി ഉപയോഗിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ഇവർ എക്സൈസിന്റെ പിടിയിലാകുന്നത്. ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചർച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോർട്ടുകളോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസിൽ പിടികൂടുന്നത്.