TOPICS COVERED

കഴുത്തില്‍ കേബിള്‍ ടൈ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്നുദിവസമായിട്ടും പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ്. കണ്ണൂര്‍ കൊയിലി ആശുപത്രി ഉടമകളില്‍ ഒരാളായ കൊയിലി പ്രദീപിനെയാണ് സ്വന്തം കാപ്പിതോട്ടത്തിനകത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് പ്രദീപിന്റെ മൃതദേഹം വിരാജ്പേട്ട ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയത്. വാഹനങ്ങളുടെ വീല്‍ ക്യാപ്പില്‍ ഉപയോഗിക്കുന്ന ടാഗ് മുറുക്കിയാണു കൊലയെന്നാണ് കേസ് അന്വേഷിക്കുന്ന ഗോണിക്കുപ്പ പൊലീസിന്റെ കണ്ടെത്തല്‍. വീട്ടിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്. കൊല്ലപെട്ട ദിവസം മൂന്നുപേര്‍ ഇറങ്ങിപോകുന്ന ദൃശ്യങ്ങള്‍ വീടിനു പുറത്തുള്ള ക്യാമറയില്‍ പതിഞ്ഞതു പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുവെന്നാണു സൂചന. കൊയിലി ആശുപത്രി ഉടമകളിലൊരാളായ പ്രദീപ് ഏറെകാലമായി കുടകില്‍ കൃഷിയുമായി കഴിയുകയായിരുന്നു.  ആശുപത്രി നടത്തിപ്പില്‍ സജീവമാകുന്നതിനായി കാപ്പി തോട്ടം വിറ്റൊഴുവാക്കാന്‍ ശ്രമം നടന്നിരുന്നു. ഇതും കൊലപാതകവുമായി ബന്ധമുണ്ടോയെന്നും പൊലീസ് തിരക്കുന്നുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നും പണവും ധരിച്ചിരുന്ന മാലയും നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Police are still struggling to trace the culprits three days after the brutal murder of Malayalam entrepreneur Koyili Pradeep, co-owner of Koyili Hospital in Kannur. He was found dead at his residence inside his private plantation, with a cable tie tightened around his neck.