നാടിനെ നടുക്കിയ ഇരട്ടക്കൊലയായിരുന്നു കഴിഞ്ഞദിവസം കോട്ടയം തിരുവാതുക്കലില്‍ നടന്നത്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ അസം സ്വദേശി അമിത് ഉറാങ്ങിനെ അടുത്തദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, മീരയെ താന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ലെന്ന് പ്രതിയുടെ മൊഴി. വിശദമായ ചോദ്യം ചെയ്യലിലാണു പ്രതി ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്.
തന്‍റെ ലക്ഷ്യം വിജയകുമാറിനെ മാത്രം കൊലപ്പെടുത്താന്‍ ആയിരുന്നുവെന്നും എന്നാല്‍ ആരാ ആരാ എന്നുചോദിച്ചു മീര വന്നപ്പോള്‍ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കിയതുകൊണ്ടാണ് അവരെയും കൊലപ്പെടുത്തിയതെന്നും പ്രതി അമിത്. 'വിജയാ... വിജയാ...' എന്നുവിളിച്ചുകൊണ്ടാണ് വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണ് മീര പുറത്തേയ്ക്ക് എത്തിയത്. ആരാണെന്ന് ചോദിച്ചുവെന്നും തന്നെ മനസിലാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മീരയെ കൂടി കൊലപ്പെടുത്തുകയായിരുന്നുവെന്നും അമിത് പറഞ്ഞു.
തന്‍റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിക്കുമ്പോൾ പോലും പ്രതി അമിത്, പല്ല് കടിച്ച് വൈരാഗ്യം കൊണ്ടു ചുവന്ന മുഖവുമായി, ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതിക്ക് കൊല്ലപ്പെട്ട വിജയകുമാറിനോട് ഉണ്ടായിരുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത പക തന്നെയാണെന്ന് അയാളുടെ മുഖഭാവത്തിൽനിന്നു മനസിലാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
മോഷണ കേസില്‍ തന്നെ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കം. എത്രതവണ പറഞ്ഞിട്ടും കേസ് പിന്‍വലിക്കാന്‍ വിജയകുമാര്‍ തയാറായില്ല, താന്‍ ജയിലില്‍ പോകുന്ന സമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനുശേഷമായിരുന്നു താൻ വിവാഹം കഴിച്ചത്. ജയിലിലായിരുന്ന സമയം ഭാര്യയുടെ ഗര്‍ഭം അലസിപോയതും തന്‍റെ പക ഇരട്ടിക്കാന്‍ കാരണമായെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പിറ്റേന്ന് നാട്ടുകാർ കൊലപാതക വിവരം അറിയുമെന്നും ആളുകൾ ‘വിജയനെ’ മോശമായി കാണട്ടെ എന്നും കരുതിയാണ് വിവസ്ത്രനാക്കിയതെന്നും പ്രതി സമ്മതിച്ചു.
വിജയകുമാർ തന്റെ മുന്നിൽവച്ച് ഭാര്യയോട് പലതവണ അധിക്ഷേപത്തോടെ സംസാരിച്ചിരുന്നു. അടിമ എന്ന പോലെയാണ് തന്നോട് പെരുമാറിയിരുന്നത്. പലതവണയും ശമ്പളം ചോദിച്ചിട്ടും നല്‍കാതിരുന്നതിനാലാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. പണം നൽകാമെന്ന് പറഞ്ഞിട്ടും വിജയകുമാർ കേസ് പിൻവലിക്കാൻ തയറായില്ല. വിജയകുമാറിന്റെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത് ഭാര്യയാണെന്നും അമിത് കൂട്ടിച്ചേര്‍ത്തു.
വളർത്തുനായയെ മയക്കാനായി ഒന്നും നൽകിയിട്ടില്ല. തന്നെ മുൻപരിചയം ഉള്ളതിനാൽ അവ കുരയ്ക്കില്ലെന്ന് അറിയാമായിരുന്നു. എങ്കിലും വീട്ടുവളപ്പിനുള്ളിൽ കയറിയ ഉടനെ നായയുടെ അടുത്തെത്തി കയ്യിൽ കരുതിയ പലഹാരം നൽകി. സിസിടിവി ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ ശ്രമങ്ങൾ നടത്തി. നാലു ചുറ്റിലുമുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നു മുഖം മറയ്ക്കാൻ കഴിയില്ലെന്നു അറിയാവുന്നതുകൊണ്ടാണ് ഡിവിആർ കൈക്കലാക്കിയതെന്നും പ്രതി പറഞ്ഞു.
ഓൺലൈൻ കാര്യങ്ങളിൽ വിദഗ്ധനായ പ്രതി വിജയകുമാറിന്റെ ഫോണിൽ ഉണ്ടായിരുന്ന സിം കാർഡ് സ്വന്തം മൊബൈലിലേക്ക് മാറ്റിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനുപുറമേ വിജയകുമാറിന്റെ ഗൂഗിൾ പേ സ്വന്തം മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു. നമ്പർ ലിങ്ക് ചെയ്തിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2,78,000 രൂപ മാറ്റി. ഭാര്യ പറഞ്ഞതോടെ ഇത് തിരികെ കൊടുക്കാൻ ശ്രമിച്ചു. പക്ഷേ പൊലീസ് കേസ് ആയതിനാൽ പണം തിരികെ ട്രാൻസർ ചെയ്യാൻ ആകില്ല എന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്നും പുറത്തിറങ്ങാൻ സൗകര്യം ഉണ്ടാക്കിയത് ജയിലിൽ ഒപ്പമുണ്ടായിരുന്ന കല്ലറ സ്വദേശി ഫൈസൽ ഷാജിയെന്നും പ്രതി പൊലീസിന് മൊഴി നൽകി.അതേസമയം, അമിത് പറഞ്ഞ എല്ലാ കാര്യങ്ങളും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.