വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് സിനിമാ നടന്‍ അറസ്റ്റില്‍. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി അനസ് സെയ്നൂദിനാണ്, കേരള സര്‍വകലാശാലയുടെ ബിടെക് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് പിടിയിലായത്.
പള്ളിക്കല്‍ സ്വദേശി അനസ് സെയ്നുദീന്‍, കലിപ്പ് എന്ന സിനിമയില്‍ നായകനായിട്ടുണ്ട്. ചിത്രീകരണം പുരോഗമി്കുന്ന കരിമ്പടം എന്ന സിനിമയുടെ നായകനും കഥാകൃത്തുമാണ്. പക്ഷെ ഇപ്പോള്‍ ജയിലിലാണ്. ഇന്നലെ വൈകിട്ട് പൂജപ്പുരയിലെ ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് പിടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതിയായാണ് അറസ്റ്റ്. അടൂര്‍ സ്വദേശി പ്രവീണ്‍ , കേരള സര്‍വകലാശാലയുടെ ബിടെക് സര്‍ട്ടിഫിക്കറ്റ് നോര്‍ക്കയില്‍ അറ്റസ്റ്റേഷന് കൊണ്ടുവന്നതാണ് കേസിന് തുടക്കം. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടതോടെ നോര്‍ക്കയും സര്‍വകലാശാലയും പരാതി നല്‍കി.
പ്രവീണിനെ ചോദ്യം ചെയ്തപ്പോള്‍ അയിരൂര്‍ സ്വദേശി റീനയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പറഞ്ഞു. റീനയെ ചോദ്യം ചെയ്തതോടെയാണ് വ്യാജന്‍ ഉണ്ടാക്കുന്നതിന് പിന്നില്‍ അനസാണെന്ന് വിവരം ലഭിച്ചത്. ഒന്നര ലക്ഷം രൂപ വാങ്ങിയാണ് അനസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയതെന്നും മൊഴിയുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകള്‍ അനസ് നിര്‍മിച്ച് പണമുണ്ടാക്കിയെന്നും സൂചനയുണ്ട്.