TOPICS COVERED

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ലെന്ന കാരണത്താല്‍ യുവാവിന്‍റെ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. അട്ടപ്പാടി പുതൂര്‍ സ്വദേശി ഈശ്വരനെയാണ് മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്. പുതൂര്‍ പഴയൂര്‍ നഗറിലെ പണലിയെ ആക്രമിച്ച കേസിലെ പ്രതിയായ ഈശ്വരന്‍ റിമാന്‍ഡില്‍ തുടരുന്ന സമയത്താണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. 

പണലിയോട് മദ്യം വാങ്ങാന്‍ ഈശ്വരന്‍ പണം ആവശ്യപ്പെട്ടതിലുള്ള തര്‍ക്കത്തിലാണ് തുടക്കം. കയ്യില്‍ പണമില്ലെന്നും മദ്യം വാങ്ങാന്‍ ഒരു രൂപ നല്‍കില്ലെന്നും പണലി നിലപാടെടുത്തു. വൈരാഗ്യം മനസില്‍ സൂക്ഷിച്ച പ്രതി വീടിന്‍റെ മുന്‍വശത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പണലിയെ ക്രൂരമായി മര്‍ദിച്ചു. മരവടി കൊണ്ടുള്ള ആക്രമണത്തില്‍ പണലിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. 2024  ജൂണ്‍ 16 ന് രാവിലെയായിരുന്നു ആക്രമണം. ഈ ക്രൂരതയ്ക്കാണ് മണ്ണാര്‍ക്കാട് കോടതി ജഡ്തി ജോമോന്‍ ജോണ്‍ പരമാവധി ശിക്ഷ നല്‍കിയത്. 

പുതൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐ വി.എന്‍. മുരളി, അഗളി ഡിവൈഎസ്പിമാരായ ജയകൃഷ്ണന്‍, ആര്‍. അശോകന്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജീവപര്യന്തം തടവും 25,000രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. പിഴയൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുവര്‍ഷത്തെ അധികതടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്. 17 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. വിശദമായ മൊഴികളുടെയും തെളിവുകളുടെയും, ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെയും അടിസ്ഥാനത്തിലാണ് കുറ്റം തെളിയിക്കപ്പെട്ടത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി. 

ENGLISH SUMMARY:

A man has been sentenced to life imprisonment and fined ₹25,000 for assaulting a youth over a dispute involving money for alcohol. The Mannarkkad court delivered the verdict against Eeswaran, a resident of Puthur in Attappady. The incident occurred in Puthur's Pazhayur Nagar, where Eeswaran attacked Panali, causing serious head injuries. The trial concluded while Eeswaran was in remand, leading to his conviction