AI generated image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ബലമായി കടന്നുപിടിച്ച 20കാരനായ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. സിംഗപ്പൂരിലേക്കുളള വിമാനയാത്രക്കിടെയാണ് യുവാവ് 28കാരിയായ എയര്‍ഹോസ്റ്റസിനോട് ലൈംഗികാതിക്രമം കാട്ടിയത്. വിമാനത്തിലെ ശുചിമുറിയിലേക്ക് യാത്രക്കാരിയായ ഒരു സ്ത്രീയെ കൂട്ടിക്കൊണ്ടുപോകവെ എയര്‍ഹോസ്റ്റസിനെ പ്രതി കയറിപ്പിടിക്കുകയായിരുന്നു. സംഭവം നേരില്‍ കണ്ട യാത്രക്കാരി ശബ്ദമുണ്ടാക്കി മറ്റ് യാത്രക്കാരെയും വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങളെയും വിവരം അറിയിച്ചതോടെ യുവാവ് പിടിക്കപ്പെടുകയായിരുന്നു. വിമാനം സിംഗപ്പൂരിലെത്തിയ ഉടനെ അധികൃതര്‍ യുവാവിനെ പൊലീസിന് കൈമാറി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിലെ യാത്രക്കാരിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എയര്‍ഹോസ്റ്റസ്. ഇതിനിടെ പ്രതി നിലത്തേക്ക് ഒരു ടിഷ്യൂ പേപ്പര്‍ എറിയുകയും അല്‍പം മാറി നില്‍ക്കുകയും ചെയ്തു. ടിഷ്യൂ പേപ്പര്‍ നിലത്ത് കിടക്കുന്നത് കണ്ട എയര്‍ഹോസ്റ്റസ് അതെടുത്ത് കളയാനായി കുനിഞ്ഞതും പ്രതി പിന്നില്‍ നിന്നും യുവതിയെ കടന്നുപിടിക്കുകയും ബലമായി ശുചിമുറിക്കകത്തേയ്ക്ക് തളളിയിടുകയും ചെയ്തു. പിന്നാലെ ശുചിമുറിയില്‍ കയറിയ പ്രതി വാതില്‍ അകത്ത് നിന്ന് പൂട്ടി യുവതിയോട് മോശമായി പെരുമാറുകയാണുണ്ടായത്. സംഭവം നേരില്‍ കണ്ട യാത്രക്കാരിയായ സ്ത്രീ ബഹളം വെച്ച് ആളെ കൂട്ടിയതോടെ പ്രതി പിടിക്കപ്പെടുകയായിരുന്നു. 

വിമാനം സിംഗപ്പൂര്‍ ചാങ്കി വിമാനത്താവളത്തില്‍ വന്നിറങ്ങിയതിന് പിന്നാലെ എയര്‍പോര്‍ട്ട് അധികൃതര്‍ 20കാരനായ പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു. എയര്‍ലൈന്‍സിന്‍റെ പേരോ പ്രതിയുടെ മറ്റുവിവരങ്ങളോ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Indian To Be Charged For Molesting Cabin Crew On Singapore-Bound Plane