2008ല്‍ കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല, സംരക്ഷിക്കേണ്ടവന്‍റെ കൈകളാല്‍ തന്നെ ഭാര്യയും നാല് മക്കളും കൊല്ലപ്പെട്ടു. എല്ലാം നടത്തിയത് കാമുകിക്കൊപ്പം ജീവിക്കാന്‍. പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതക കേസിലെ പ്രതി റജികുമാറിന്‍റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയ ദിവസം 2008ലെ നടുക്കുന്ന കൂട്ടക്കൊല വീണ്ടും ചര്‍ച്ചയാവുകയാണ്.
2008ല്‍ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് റജികുമാറിന് വധശിക്ഷ നല്‍കിയിരുന്നത്. ഭാര്യയും നാലുമക്കളെയും രണ്ടാഴ്ചയ്ക്കിടെയാണ് പ്രതി കൊലപ്പെടുത്തിയത്. റജിയുടെ ഭാര്യ ലിസി (39), മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരാണു കൊല്ലപ്പെട്ടത്.
ബിരുദവും പിജി ഡിപ്ലോമയുമുള്ള വിദ്യാസമ്പന്നനാണു റജി. ലിസിയെ പ്രണയിച്ചാണ് വിവാഹം ചെയ്തത്. ‘ടാപ്പിങ് തൊഴിലാളികളെ ആവശ്യമുണ്ട്’ എന്നൊരു പരസ്യമായിരുന്നു പാലായിലെ വാടകവീട്ടില്‍ നിന്നും റജികുമാറിനെ ആമയൂരിലെത്തിച്ചത്. സിദ്ദിഖിന്‍റെ റബർതോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയായിരുന്നു റജികുമാർ. ചുണ്ടത്തൊടി തറവാട്ടുവക വാടക വീട്ടിലാണ് റജിയും കുടുംബവും താമസിച്ചിരുന്നത്. ഒപ്പം ഓട്ടോ ഓടിച്ചും കൂലിവേല ചെയ്‌തും അധ്യാപകനായുമൊക്കെയാണ് റജികുമാർ കുടുംബം നോക്കിയിരുന്നത്. കമ്പനിപ്പറമ്പ് കോളനിയിലെ കുട്ടികൾക്ക് ലിസി ട്യൂഷൻ ക്ലാസെടുത്തിരുന്നു.
ആമയൂരിലെ അയൽവാസി യുവതിയുമായി റജികുമാർ അടുത്തതോടെയാണ് പ്രശ്നം തുടങ്ങിയത്. അവരെ വിവാഹം ചെയ്യാനൊരുങ്ങിയതു കുടുംബകലഹത്തിനിടയാക്കി. പിന്നാലെ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു റജി. 2008 ജൂലൈ എട്ടിനു രാത്രി ഭാര്യ ലിസിയെ കഴുത്തിൽ തോർത്തു മുറുക്കി കൊന്ന ശേഷം മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ തള്ളി. മക്കളായ അമലിനെയും അമന്യയെയും തൊട്ടടുത്ത ദിവസം കൊലപ്പെടുത്തി വീടിനു സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. പിന്നീട് പാലായിൽ ചെന്ന് തന്‍റെ അമ്മ മരിച്ചെന്നു നുണ പറഞ്ഞ് സ്‌കൂളിൽ നിന്നു അമലുവിനെയും അമല്യയെയും കൂട്ടിക്കൊണ്ടുവന്നു. ആമയൂരിൽ എത്തിയശേഷം ഇവരെയും ശ്വാസം മുട്ടിച്ചുകൊന്നു. കൊലപ്പെടുത്തുന്നതിനു മുൻപ് മൂത്ത മകളായ അമലുവിനെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പട്ടാമ്പി പൊലീസ് റജിസ്‌റ്റർ ചെയ്‌ത കേസ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷിച്ച് 89ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളാണു പ്രോസിക്യൂഷൻ കേസിന് ആധാരം. ശാസ്‌ത്രീയ തെളിവുകളെയും ആശ്രയിച്ചു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 44 സാക്ഷികളെ വിസ്‌തരിച്ചു, 72 രേഖകളും ഹാജരാക്കി.
പ്രതി കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിയുന്നതായി പാലക്കാട് ജില്ലാ സെഷന്‍സ് കോടതി വ്യക്‌തമാക്കി. അഞ്ചു പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം പരമാവധി ശിക്ഷ വിധിച്ചു. ജില്ലാ കോടതി തനിക്കു വധശിക്ഷവിധിച്ചപ്പോഴും റജികുമാര്‍ കുലുങ്ങിയില്ല. ശിക്ഷയെ പറ്റി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്‌ജിയുടെ ചോദ്യത്തിന് ‘താൻ നിരപരാധിയാണെ’ന്നായിരുന്നു പ്രതിയുടെ മറുപടി. ഭർത്താവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും സ്വന്തം മകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നായിരുന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടൈറ്റസ് ഡൊമനികിന്റെ വാദം.
2009 സെപ്‌റ്റംബറിലായിരുന്നു ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍ അപ്പീല്‍ തള്ളിയ ഹൈക്കോടതി കുറ്റകൃത്യം ക്രൂരവും അത്യപൂര്‍വമുമെന്നും കീഴ്ക്കോടതി വിധിയില്‍ തെറ്റില്ലെന്നുമായിരുന്നു അന്ന് വ്യക്തമാക്കിയത്. വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് നടപടി. ജീവിതാവസാനം വരെ പ്രതി തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.