TOPICS COVERED

പാലക്കാട്ടെ പെട്രോള്‍ പമ്പ് കുത്തിത്തുറന്നുള്ള കവര്‍ച്ചയില്‍ പിടിയിലായ ചാവക്കാട് സ്വദേശി റിംഷാദും മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷിഫാനും വിവിധ ജില്ലകളിലെ കവര്‍ച്ചാക്കേസുകളില്‍ പ്രതികളെന്ന് പൊലീസ്. പമ്പ് കവര്‍ച്ചയ്ക്കൊപ്പം എറണാകുളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇരുചക്രവാഹനങ്ങളും പ്രതികള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കവര്‍ച്ചാ സാധനങ്ങള്‍ വില്‍ക്കുന്നതിന് ഇരുവരെയും സഹായിച്ചിരുന്ന പാലക്കാട് സ്വദേശിനിയും ടൗണ്‍ നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.

കഴിഞ്ഞമാസം കൊടുന്തിരപ്പുള്ളി നവക്കോടുള്ള പമ്പിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് റിംഷാദും, മുഹമ്മദ് ഷിഫാനും ടൗണ്‍ നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. എറണാകുളം ജില്ലയിൽ മാത്രം റിംഷാദും സംഘവും ചേർന്ന് മൂന്ന് പെട്രോൾ പമ്പുകളിൽ മോഷണം നടത്തി. എറണാകുളത്ത് നിന്നാണ് ഇരുചക്രവാഹനം കവര്‍ന്നത്. പാലക്കാട് ജില്ലയിൽ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് കവര്‍ന്ന് മറ്റൊരു പമ്പ് കുത്തിത്തുറക്കാനും ശ്രമമുണ്ടായി. 

റിംഷാദും, സംഘാംഗമായ മുഹമ്മദ് ഷിഫാനും ചേര്‍ന്ന് കോയമ്പത്തൂരിൽ നിന്നും കവര്‍ന്ന ബൈക്കിലെത്തിയാണ് പാലക്കാട് നവക്കോടുള്ള പെട്രോൾ പമ്പിൽ കയറി 20000 രൂപയും ടാബും തട്ടിയെടുത്തത്. മോഷ്ടിച്ച ടാബ് റിംഷാദിനു വേണ്ടി വിറ്റതിനും ഒളിവിൽ താമസിപ്പിച്ചതിനും പാലക്കാട് സ്വദേശിനിയെയും നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ പ്രധാന സ്ഥലങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ കവര്‍ച്ചയില്‍ പങ്കാളികളാണോ എന്നത് പരിശോധിക്കുമെന്ന് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ വേണുഗോപാല്‍ അറിയിച്ചു.

ENGLISH SUMMARY:

Rimshad from Chavakkad and Muhammad Shifan from Mannarkkad, arrested in connection with the Palakkad petrol pump robbery, are also accused in multiple theft cases across various districts, according to the police. Investigations revealed that the duo had stolen two-wheelers from Ernakulam and Coimbatore. A woman from Palakkad who helped them sell the stolen goods was also taken into custody by Town North Police.