സ്കൂള്‍ക്കാല സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കള്‍ക്ക് വിഷം നല്‍കി കൊന്ന് അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം.   നാല്‍പത്തിയഞ്ചുകാരിയായ രജിതയാണ്  പ്രായപൂര്‍ത്തിയാകാത്ത തന്‍റെ മൂന്നു മക്കളെ കൊലപ്പെടുത്തിയത്.   കുടുംബജീവിതത്തില്‍ സന്തോഷവതിയായിരുന്നില്ല രജിത എന്നാണ് വിവരം. 

പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമായതോടെയാണ് അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് കൊല്ലപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. നിലവില്‍ ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. 

അടുത്തിടെ രജിത തന്‍റെ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയിരുന്നു. അവിടെവച്ച് പഴയ ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. ഇതിനുശേഷം ഇരുവരും തമ്മില്‍ സൗഹൃദം ബലപ്പെട്ടു. അത് വൈകാതെ പ്രണയത്തിലേക്ക് വഴിമാറി. കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹം രജിതയില്‍ ശക്തമായി. അതിന് തടസ്സമായി മുന്നിലുണ്ടായിരുന്നത് മക്കളായിരുന്നു.

സംഭവദിവസം അത്താഴത്തിന് തൈരില്‍ വിഷം ചേര്‍ത്ത് രജിത മക്കള്‍ക്ക് നല്‍കി. ഭക്ഷണം കഴിച്ച പിന്നാലെ തന്നെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ടു. രജിതയുടെ ഭര്‍ത്താവ് ചെന്നയ്യ നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു അപ്പോള്‍. വീട്ടിലെത്തിയപ്പോള്‍ കാണുന്നത് അനക്കമറ്റ് കിടക്കുന്ന മക്കളെയാണ്. വയറു വേദനിക്കുന്നുവെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെക്കൂട്ടി ആശുപത്രിയിലെത്തി.

അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ പൊലീസ് സംശയിച്ചത് ചെന്നയ്യയെ ആയിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പ്രതി രജിതയാണെന്ന് ബോധ്യപ്പെട്ടു. കേസിലെ വിശദവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 45-year-old woman allegedly poisoned her three children in a bid to marry her former classmate. According to the police, the woman, Rajitha, was unhappy in her marriage and wanted to start a new life. The deceased children were identified as 12-year-old Sai Krishna, ten-year-old Madhu Priya and eight-year-old Gautham. Rajitha was reportedly, also, undergoing treatment for poisoning at Finisya Hospital.