കൊല്ലം പുനലൂരില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അറുപത്തിയഞ്ചുകാരനെ പൊലീസ് പിടികൂടി.പത്തനംതിട്ട തോട്ടപ്പുഴശ്ശേരി സ്വദേശി ഷാജൻ ചാക്കോ ആണ് പൊലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ഏഴിന് പുനലൂർ താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഏരിയായില്‍ നിർത്തിയിട്ടിരുന്ന അടൂര്‍ മരുതിമൂട് അശോക ഭവനിൽ അശോക് കുമാറിൻ്റെ ഓട്ടോറിക്ഷയിൽ നിന്ന് പണം മോഷ്ടിച്ചെന്ന പരാതിയിലാണ് ഷാജൻ ചാക്കോ പിടിയിലായത്. താലൂക്ക് ആശുപത്രിയിൽ കീമോതെറാപ്പിയ്ക്ക് എത്തിയ അശോക് കുമാറിൻ്റെ ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന എണ്ണായിരത്തി അറുന്നൂറ് രൂപയാണ് ഷാജന്‍ മോഷ്ടിച്ചത്.
ഇതിന് പുറമേ ഒരു സ്കൂട്ടറിൽ നിന്നും ഷാജൻ പണം കവർന്നതായി പരാതിയുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കുത്തിതുറന്ന് മോഷണം നടത്തുന്നതാണ് ഷാജന്റെ രീതിയെന്ന് പൊലീസ് അറിയിച്ചു. മുൻപും ഇയാൾ മോഷണങ്ങൾ നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.