ഇടുക്കി ഉപ്പുതറ സ്വദേശി സജീവനും ഭാര്യ രേഷ്മയും മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന്റെ വിലയിരുത്തൽ. പോസ്റ്റുമോർട്ടത്തിൽ രേഷ്മ രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്താൻ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി.
ഉപ്പുതറ ഒൻപതേക്കർ സ്വദേശി സജീവ് മോഹനനും ഭാര്യ രേഷ്മയും മക്കളായ ദേവൻ,ദിയ എന്നിവരെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇന്നലെ രാവിലെ എട്ടിനും ഒൻപതിനും ഇടയിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സജീവനെ കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇതിൽ വ്യക്തത വരുത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. സജീവ് മൂന്ന് ലക്ഷം രൂപ വായ്പയെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ജീവനക്കാർ ഭീഷണിപ്പെടുത്തിയോയെന്ന് കണ്ടെത്താൻ സജീവിന്റെ മൊബൈൽ ഫോണും പൊലീസ് പരിശോധിക്കും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056