വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മൂന്നാംഘട്ട തെളിവെടുപ്പിനിടെ പ്രതി അഫാനും പിതാവ് റഹീമും മുഖാമുഖം വന്നു. വെഞ്ഞാറമൂട് ജംക്ഷനില്‍ വച്ചായിരുന്നു ആകസ്മികമായ കൂടിക്കാഴ്ച. വെഞ്ഞാറമൂട് ജംക്ഷനില്‍ റോഡ് മുറിച്ച് നടക്കുന്നതിനിടയിലാണ് അഫാനെയും കൊണ്ടുള്ള പൊലീസ് വണ്ടി ചീറിപ്പാഞ്ഞ് വന്നത്. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി വണ്ടി അല്‍പനേരം നിര്‍ത്തി. റഹീം നോക്കിയപ്പോള്‍ വാഹനത്തില്‍ അഫാന്‍. അപ്പോള്‍ തന്നെ മുഖം തിരിച്ച് റഹീം നടന്നു. മകനെ കാണേണ്ടെന്ന് റഹീം മനോരമന്യൂസിനോട് പറഞ്ഞു. തന്‍റെ ജീവിതത്തില്‍ അഫാനുണ്ടാക്കിയ നഷ്ടവും ദുരിതവും അത്ര വലുതാണെന്നും അതിനാല്‍ ഒരിക്കലും കാണാന്‍ ശ്രമിക്കില്ലെന്നുമായിരുന്നു റഹീമിന്‍റെ വാക്കുകള്‍.
ഇന്ന് സഹോദരന്‍ അഹ്സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയ കേസുകളിലായിരുന്നു തെളിവെടുപ്പ്. ആദ്യം കൊല നടത്തിയ പേരമുലയിലെ വീട്ടിലേക്കായിരുന്നു കൊണ്ടുപോയത്. സ്വന്തം അനുജനയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയതെങ്ങനെയെന്നും ഉമ്മ ഷമിയെ ക്രൂരമായി അക്രമിച്ചതെങ്ങനെയെന്നും ഭാവ വിത്യാസമില്ലാതെ അഫാന്‍ പൊലീസിനോട് വിവരിച്ചു. കൊല്ലാന്‍ ഉപയോഗിച്ച് ചുറ്റികയും അതിടാനുള്ള ബാഗും വാങ്ങിയ കടകളിലും മുത്തശ്ശിയെ കൊലപ്പെടുത്തി കൈവശപ്പെുടുത്തിയ സ്വര്‍ണമാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.
കൊലകള്‍ക്കിടയില്‍ സിഗരറ്റ്, പെപ്സി, മുളകുപൊടി, എലിവിഷം തുടങ്ങിയവയും അഫാന്‍ വാങ്ങിയിരുന്നു. ഈ കടകളിലും അഫാനെയും കൊണ്ട് പൊലീസ് പോയി. ഏറ്റവും ഒടുവില്‍ ഫര്‍സാനയെ കൊല്ലാനായി ബൈക്കില്‍ കയറ്റി കൊണ്ടു പോയ സ്ഥലത്തായിരുന്നു തെളിവെടുപ്പ്. ശേഷം അഫാനെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ച് കൊണ്ടുപോയി. നാളെയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. നാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് വീണ്ടും ജയിലിലേക്ക്.
അഞ്ച് കൊലപാതകങ്ങളിലായി മൂന്ന് കേസുകളാണ് അഫാന്‍റെ പേരിലുള്ളത്. മൂന്നിലും ഇന്നത്തോടെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇനി എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കി അഫാനെ വിചാരണക്കൂട്ടിലെത്തിക്കുകയെന്നതാണ് പൊലീസിന് മുന്നിലുള്ള ദൗത്യം. കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റുവെന്ന മൊഴിയില്‍ ഉമ്മ ഷമി ഉറച്ച് നില്‍ക്കുകയാണ്. മനസീകാരോഗ്യം വീണ്ടെടുത്ത ശേഷം ഉമ്മയുടെ മൊഴി വീണ്ടുമെടുക്കും. മൊഴി എന്തായാലും മൂന്ന് കേസുകളെയും ബാധിക്കില്ലെന്നതാണ് പൊലീസിന്‍റെ വിലയിരുത്തല്‍.