പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ബന്ധുവായ പന്ത്രണ്ടുകാരിയെ പ്രേരിപ്പിച്ചത് വളര്‍ത്തച്ഛന് തന്നോടുളള സ്നേഹം കുറഞ്ഞുപോയെന്ന തോന്നലാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പിഞ്ചുകുഞ്ഞിനോട് വളര്‍ത്തച്ഛന് വാല്‍സല്യം കൂടിവരുന്നുവെന്ന് തോന്നിയതോടെയാണ് ഇല്ലാതെയാക്കാന്‍ തീരുമാനിച്ചതെന്നാണ് കുട്ടി നിലവില്‍ നല്‍കിയിരിക്കുന്ന മൊഴി. അതുകൊണ്ട് തന്നെ ഇത് കൊലപാതകമാണെന്ന അനുമാനത്തിലാണ് എത്തിയിരിക്കുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്‍റെ സഹോദരന്‍റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചുപോയിരുന്നു. ഇതോടെ മുത്തുവാണ് പെണ്‍കുട്ടിയെ മകളെപ്പോലെ വളര്‍ത്തി വന്നത്. ഇന്നലെ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നും തീര്‍ത്തും വിരുദ്ധമായാണ് പെണ്‍കുട്ടി നിലവില്‍ നടത്തിയ വെളിപ്പെടുത്തല്‍. രാത്രി 11 മണിയോടെ ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്നും എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നുമായിരുന്നു പെണ്‍കുട്ടി ഇന്നലെ പറഞ്ഞത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തതോടെ അമ്മയ്ക്കരികില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ താന്‍ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിച്ചു.
തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് തമിഴ് ദമ്പതികളായ മുത്തുവിന്‍റയും അക്കലുവിന്‍റെയും കുഞ്ഞിനെ കാണാതാവുന്നത് . പിന്നീട് നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്‍റെ മൃതദേഹം തൊട്ടടുത്ത കിണറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു.