TOPICS COVERED

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്‍റെ പ്രധാന ഹബ്ബായി ഒമാന്‍. മലയാളികളടങ്ങുന്ന ലഹരിമാഫിയ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഇറാനില്‍ ഉത്പാദിപ്പിക്കുന്ന എംഡിഎംഎയ്ക്ക്  ഒമാന്‍ വഴി ഇന്ത്യയിലേക്ക് കടത്തുന്നതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. വിലകുറവും 

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്‍റ ഒമാന്‍ ബന്ധം പുറത്തുവരുന്നത് മട്ടാഞ്ചേരി പൊലീസ് പിടികൂടിയ പത്തംഗസംഘത്തില്‍ നിന്നാണ്. ഇതിന്‍റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കടത്തിന് പിന്നില്‍ മലയാളികളടങ്ങുന്ന വന്‍ റാക്കറ്റിന്‍റെ സാന്നിധ്യം കേന്ദ്ര ഏജന്‍സികള്‍ ഉറപ്പിക്കുന്നത്. ഒമാന്‍ പൗരന്‍മാര്‍ക്കൊപ്പം മലയാളികളും ചേര്‍ന്നാണ് ഒമാനില്‍ എംഡിഎംഎ ശേഖരിക്കുന്നത്. ഇത് പിന്നീട് കാരിയര്‍മാര്‍ വഴി ലഗേജിലും കാര്‍ഗോയിലും ഒളിപ്പിച്ച് ഇന്ത്യയിലെത്തിക്കും. വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാന്‍ ഫ്ലാസ്കില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്ത്.  കൊച്ചി സിറ്റി പൊലീസ് പിടികൂടിയ പത്തംഗ സംഘം ഒരുവര്‍ഷത്തിനിടെ അഞ്ച് കിലോയിലേറെ എംഡിഎംഎ കടത്തിയെന്നാണ് കണ്ടെത്തല്‍.

എംഡിഎംഎയുടെ നിര്‍മാണം ഒമാനിലല്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ ഉറപ്പിച്ചു. എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണം എത്തി നിന്നത് ഇറാനില്‍. കോവിഡിന് ശേഷമാണ് ഇന്ത്യയിലേക്കുള്ള രാസലഹരിയൊഴുക്കിന്‍റെ പ്രധാന ഹബായി ഒമാന്‍ മാറുന്നത്.

കോവിഡിന് മുന്‍പ് മലയാളികള്‍ അടക്കമുള്ളവര്‍ ഇന്ത്യയില്‍ നിന്നാണ് ലഹരിമരുന്ന് ഒമാനിലേക്ക് കടത്തിയിരുന്നത്. കോവിഡില്‍ ഈ ലഹരിശൃംഖല തകര്‍ന്നു. തുടര്‍ന്ന് ലഹരിക്കടത്തിലെ ഒമാന്‍ ഇറാന്‍ ഇടനാഴി തുറന്നു. ഇന്ത്യയില്‍ ബെംഗളൂരുവിലും ഡല്‍ഹിയിലും എംഡിഎംഎ നിര്‍മിക്കുന്നുണ്ടെങ്കിലും ഗുണനിലവാരമില്ലെന്നാണ് ലഹരിയിടപാടുകാരുടെ കണ്ടെത്തല്‍. എംഡിഎംഎ എന്ന പേരില്‍ വിതരണം ചെയ്യുന്നത് മെത്താഫെറ്റമിനാണെന്ന് പരിശോധനകളില്‍ സ്ഥിരീകരിച്ചതോടെ ഒമാന്‍ എംഡിഎംഎയ്ക്ക് മാര്‍ക്കറ്റ് വര്‍ധിച്ചു. 

ഇന്ത്യന്‍ നിര്‍മിത എംഡിഎംഎയുടെ ഗുണിനിലവാരം പത്ത് ശതമാനമെങ്കില്‍ ഒമാന്‍ എംഡിഎംഎയ്ക്ക് ഇത് എഴുപത് ശതമാനമാണ്. കൂടാതെ വിലയും കുറവ്. ഇന്ത്യന്‍ നിര്‍മിത എംഡിഎംഎയ്ക്ക് കിലോയ്ക്ക് പത്ത് ലക്ഷമെങ്കില്‍ ഒമാന്‍ എംഡിഎഎയ്ക്ക് വില നാല് ലക്ഷം മാത്രം. അന്‍പതിരട്ടി വരെ.ലാഭത്തിലാണ് ഇന്ത്യയില്‍ ഒമാന്‍ എംഡിഎംഎയുടെ വില്‍പന. 

ENGLISH SUMMARY:

Oman has become a major hub for MDMA smuggling to India