തിരുവനന്തപുരം മാറനല്ലൂര്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അരുണ്‍രാജിന് മരണം വരെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. 25 വര്‍ഷത്തിനുശേഷമേ പരോള്‍ അനുവദിക്കാവൂവെന്നും കോടതി ഉത്തരവില്‍ പറയുന്നു. പാറമടയെ ചൊല്ലിയുള്ള തർക്കത്തിൽ ക്വാറി നടത്തിപ്പുകാരനെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലാണ് നെയ്യാറ്റിൻകര സെഷന്‍സ് കോടതിയുടെ വിധി.
2021 ഓഗസ്റ്റ് 14 അര്‍ധരാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. കുക്കിരിപ്പാറയില്‍ ക്വാറി നടത്തിയിരുന്ന സന്തോഷും തൊഴിലാളി സജീഷുമാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയും നാട്ടുകാരനുമായ അരുൺരാജിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
പാറമടക്കെതിരെ പരാതി ഉന്നയിച്ചതിനോടുള്ള വൈരാഗ്യത്തിൽ, സന്തോഷ് അരുൺരാജിനെ മർദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇരട്ടക്കൊലപാതകം നടന്നത്. സന്തോഷിന്റെ വീട്ടിൽ നടന്ന മദ്യപാന സല്‍ക്കാരത്തിൽ പങ്കെടുക്കാനെത്തിയ അരുൺരാജ്, അർധരാത്രി ഇരുവരെയും കൊലപ്പെടുത്തി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ. അജികുമാർ കോടതിയില്‍ ഹാജരായി. അഡിഷണല്‍ ജില്ലാ കോടതി ജഡ്ജി എ.എം. ബഷീറാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പുറപ്പെടുവിച്ചത്.