തിരുവനന്തപുരം മാറനല്ലൂരിലെ ഇരട്ടകൊലപാതകത്തിൽ പ്രതി അരുൺ രാജ് കുറ്റക്കാരനാണെന്ന് കോടതി. പാറമടയെ ചൊല്ലിയുള്ള തർക്കത്തിൽ ക്വാറി നടത്തിപ്പുകാരനെയും തൊഴിലാളിയെയും കൊലപ്പെടത്തിയ കേസിലാണ് നെയ്യാറ്റിൻകര കോടതിയുടെ വിധി
2021 ഓഗസ്റ്റ് 14 ന് അർധരാത്രിയാണ് ഇരട്ടക്കൊലപാതകം. കുക്കിരിപ്പാറയില്‍ ക്വാറി നടത്തിയിരുന്ന സന്തോഷും തൊഴിലാളി സജീഷുമാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയും നാട്ടുകാരനുമായ അരുൺ രാജിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാറമടക്കെതിരെ പരാതി പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ അരുൺ രാജിനെ സന്തോഷ് മർദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊലപാതകം.സന്തോഷിന്‍റെ വീട്ടില്‍ രാത്രിയിൽ നടന്ന മദ്യപാന സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയാണ് അരുൺ കൊല നടത്തിയത്.
കുറ്റക്കാരാണെന്നു കണ്ടെത്തിയ അരുണ്‍ രാജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റു ചെയ്തു. ശിക്ഷയിന്‍ മേല്‍ വാദം കേള്‍ക്കുന്നതിനും വിധി പറയുന്നതിലേക്കുമായി തിങ്കളാഴ്ചത്തേക്ക് വിചാരണ മാറ്റി വച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ അജികുമാര്‍ കോടതിയില്‍ ഹാജരായി. അഡിഷണല്‍ ജില്ലാ കോടതി ജഡ്ജി എ എം ബഷീറാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.