Screengrab from x.com/unlimited_ls
ആഡംബര ജ്വല്ലറിയില്‍ കയറി മോഷണം നടത്തിയതിന് പിന്നാലെ പിടിക്കപ്പെടാതിരിക്കാന്‍ ഡയമണ്ട് കമ്മല്‍ വിഴുങ്ങിയ യുവാവ് അറസ്റ്റില്‍. വാഷിങ്ടണില്‍ നിന്നുമാണ് ഓര്‍ലാന്‍ഡോയിലെ മിലേനയിലുള്ള ഷോപ്പിങ് മാളില്‍ കയറി ആഡംബര ബ്രാന്‍ഡായ ടിഫാനിയുടെ ഔട്ലറ്റില് നിന്നുമാണ് ജെയ്ഥന്‍ ലോറന്‍സ് ഡയമണ്ട് കമ്മല്‍ മോഷ്ടിച്ചത്. ഒര്‍ലാന്‍ഡോ മാജിക് പ്ലെയറിന്‍റെ പ്രതിനിധിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജെയ്ഥന്‍ ടിഫാനിയുടെ ഔട്ലറ്റിനുള്ളില് കയറിയതെന്ന് പൊലീസ് പറയുന്നു.
മോഷണം നടത്തിയതിന് ശേഷം മടങ്ങിയ ജെയ്ഥന്‍റെ വാഹനം പരിശോധനയ്ക്കായി പൊലീസ് കൈകാണിച്ച് നിര്‍ത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്. സംശയം തോന്നിയ പൊലീസ് ജെയ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം പരിശോധിച്ചതോടെ മറ്റ് കൊള്ളമുതലുകള്‍ കണ്ടെത്തി. ജയിലില്‍ എത്തിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥനോട് 'വയറ്റില്‍ കിടക്കുന്നതിന്‍റെ പേരിലും ഇനി ശിക്ഷ കിട്ടുമോ?' എന്ന് ജെയ്ഥന്‍ ചോദിച്ചതോടെ ഉദ്യോഗസ്ഥന് സംശയമായി. അധികൃതരെ വിവരമറിയിച്ചപ്പോള്‍ ശരീര പരിശോധന നടത്താന്‍ അനുമതി നല്‍കി. തുടര്‍ന്ന് സ്കാന്‍ ചെയ്തപ്പോഴാണ് നെഞ്ചിനും വയറിനും ഇടയിലായി ഡയമണ്ട് കമ്മല്‍ കുടുങ്ങിയിരിക്കുന്നത് കണ്ടത്. ഉള്ളിലാക്കിയ സാധനം പുറത്തെത്തുന്നത് കാത്തിരിക്കുകയാണ് ജയില്‍ ഉദ്യോഗസ്ഥര്‍.
ഒരിഞ്ച് വ്യാസത്തിലും രണ്ടിഞ്ച് നീളത്തിലും കുറഞ്ഞ വസ്തുവാണെങ്കില്‍ കുടലിലൂടെ മലാശയത്തിലും തുടര്‍ന്ന് ശരീരത്തിന് പുറത്തേക്കും അപകടരഹിതമായി എത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജെയ്ഥനെതിരെ കൊളറാഡോയില്‍ മാത്രം 48 കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. 2022 ല്‍ ടെക്സസിലെ ടിഫാനിയുടെ ഔട്ലറ്റില് കവര്‍ച്ച നടത്തിയ കേസിലും ജെയ്ഥന്‍ പ്രതിയാണ്.