Image Credit: X/ AadyaTv_
ഹൈദരാബദാലിലെ സൈബരാബാദ് റായ്ദുർഗാമില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍. അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് കുടുംബത്തിന്‍റെ പരാതി. നിസാംപേട്ട് സ്വദേശി ദേവികയയെ ആണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തു.
രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം ആറു മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. നിസാംപേട്ടില്‍ ദേവികയുടെ കുടുംബത്തിന്‍റെ പേരിലുള്ള ഫ്ലാറ്റും മറ്റൊരു സ്ഥലവും സ്വന്തം പേരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സതീഷ് യുവതിയെ പീഡിപ്പിച്ചതായി കുടുംബം പരാതിപ്പെട്ടു. ഭര്‍ത്താവ് സതീഷിനെതിരെ സ്ത്രീധന പീഡന കേസെടുത്ത് റായ്ദുർഗാം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഐഐടി ഖോരഘ്പ്പൂരിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സതീഷ്. ബെംഗളൂരുവില്‍ നിന്നാണ് ദേവിക ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ഇരുവരും ബംഗളൂരുവിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലാകുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹിതരായത്. ഈയിടെ സ്ഥലംമാറ്റത്തിലൂടെയാണ് കമ്പനിയുടെ ഹൈദരാബാദ് സെന്‍ററിലേക്ക് എത്തിയത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി, നിസാര കുടുംബപ്രശ്നങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ഇരുവരും തമ്മില്‍ പ്രശ്നമുണ്ടാവുകയും സതീഷ് ഫ്ലാറ്റില്‍ നിന്നും ഇറങ്ങിപോവുകയുമായിരുന്നു. ദേവിക പലതവണ ഫോണില്‍ വിളിച്ചെങ്കിലും സതീഷില്‍ നിന്നും പ്രതികരണമുണ്ടായില്ല.
രാത്രി വീട്ടിലെത്തിയ സതീഷ് കയ്യിലുള്ള താക്കോല്‍ ഉപയോഗിച്ച് അകത്ത് കയറി. കിടപ്പുമുറിയുടെ വാതില്‍ അടച്ചതിനാല്‍ മറ്റൊരു മുറിയിലാണ് രാത്രി സതീഷ് കിടന്നത്. തിങ്കളാഴ്ച രാവിലെ ജോലിക്കായി ദേവികയെ വിളിച്ചുണർത്താൻ സതീഷ് ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വിവാഹ സമയത്ത് സ്വര്‍ണവും പണവുമായി സ്ത്രീധനം നല്‍കിയിരുന്നു എന്നും നിസാംപേട്ടില്‍ കുടുംബം താമസിക്കുന്ന ഫ്ലാറ്റിനായി സതീഷ് ആവശ്യപ്പെട്ടിരുന്നെന്നും ദേവകിയുടെ അമ്മ ലക്ഷ്മി പറഞ്ഞു. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.