രാജ്യാന്തര കുറിയർ വഴി രാസലഹരി ഓർഡർ ചെയ്ത് വരുത്തിയ കേസിൽ ഇന്‍റർപോളിന്‍റെ സഹായം തേടാനൊരുങ്ങി എക്സൈസ്. ഡാർക്ക് വെബ് വഴി ഓർഡർ ചെയ്ത രാസലഹരി ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് പിടിയിലായ യുവാവ് വാങ്ങിയത്. ഇയാൾ നേരത്തെയും സമാന കൃത്യം നടത്തിയിട്ടുണ്ടെന്നും എക്സൈസ് കണ്ടെത്തി.
നിയമ ബിരുദധാരിയായ തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണനെ ഞായറാഴ്ചയാണ് എക്സൈസ് സംഘം പിടികൂടിയത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഫ്രാൻസിൽ നിന്ന് വീര്യമേറിയ രാസലഹരി എത്തിച്ച കേസിലായിരുന്നു നടപടി. എന്നാൽ അന്വേഷണവുമായി പ്രതി ഒരുതരത്തിലും സഹകരിക്കുന്നുണ്ടായിരുന്നില്ല. ചോദ്യങ്ങൾക്കൊന്നും ഇയാൾക്ക് മറുപടിയില്ല. എന്നാൽ അതുലിന്‍റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചതിലൂടെയാണ് നിർണായക വിവരങ്ങൾ എക്സൈസിന് ലഭിച്ചത്. നേരത്തെയും വിദേശത്തുനിന്നും ഇയാൾ കുറിയർ വഴി രാസലഹരി ഓർഡർ ചെയ്ത് വരുത്തിയിട്ടുണ്ട്. എവിടെനിന്നാണ് ലഹരിമരുന്ന് എത്തിയത്, എത്ര തവണ ഓർഡർ ചെയ്തു, അളവെത്ര തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം എക്സൈസ് ആരംഭിച്ചു. ലഹരിയുടെ ഉറവിടം കണ്ടെത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇൻ്റർപോളിന്റെ സഹായം തേടുമെന്നും എക്സൈസ് വ്യക്തമാക്കി.
കൊച്ചി കാരിക്കാമുറിയിലെ ഇന്‍റർനാഷണൽ പോസ്റ്റൽ അപ്രെയ്സലിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു 10.40 ഗ്രാം രാസലഹരി എക്സൈസ് പിടികൂടിയത്. തുടർന്നുള്ള അന്വേഷണമാണ് അതുലിനെ കുടുക്കിയത്. ഉറവിടം കണ്ടെത്താതിരിക്കാൻ ഡാർക്ക് വെബ് വഴിയായിരുന്നു ഇയാളുടെ നീക്കങ്ങളെല്ലാം. എന്നാൽ കുറിയറിൽ നൽകിയിരുന്ന ഫോൺ നമ്പറാണ് ഇയാൾക്ക് പണി കൊടുത്തത്. നിലവിൽ റിമാൻഡിലുള്ള പ്രതിയെ എക്സൈസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.