താമരശേരിയില്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പട്ടതിന് പിന്നില്‍ ആസൂത്രണം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവരുന്നത്. ആക്രമിച്ച വിദ്യാര്‍ഥികള്‍ ഗ്രൂപ്പില്‍ വെല്ലുവിളിക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണ് പങ്കുവച്ചത്. ഷഹബാസിനെ ആക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ചാണെന്ന് കൂട്ടുകാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ആക്രമണത്തിന് മുന്‍പ് വിദ്യാര്‍ഥികളിലൊരാള്‍ ഗ്രൂപ്പില്‍ പങ്കുവച്ച ശബ്ദ സന്ദേശം ഇങ്ങനെ, ' ആരാനൊന്നും ഞമ്മക്ക് ഓര്‍മല്യ, ഏതോ സൂര്യനും വര്‍ധനും യാദവൊക്കെ ഇണ്ട് ന്ന് പറഞ്ഞ്ക്ക്.. ഞമ്മളെല്ലാം കുത്തും.. ഫാസ്റ്റ് ഫാസ്റ്റാക്കി.. അപ്പോ വേഗം വരീട്ടോ എല്ലാരും ... ഇന്ന് നമ്മള് കുത്തീട്ടേ പോകൂ... ആണുങ്ങളാരെലും ഗ്രൂപ്പിലുണ്ടെങ്കില്‍ വേഗം വന്നോളീ..'
ആക്രമണത്തിന് ശേഷം വീരവാദത്തോടെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഷഹബാസിനെ കൊല്ലൂന്ന് പറഞ്ഞത് പോലെ ചെയ്തിട്ടുണ്ടെന്നാണ് വിദ്യാര്‍ഥി പറയുന്നത്. അത് ഇപ്രകാരമാണ്, ' ഫഹദേ.. ഞാന്‍ ഒരു കാര്യം പറഞ്ഞിന് ഷഹബാസിനെ ഞാന്‍ കൊല്ലൂന്ന്.. അത് ഞാന്‍ പറഞ്ഞത് പറഞ്ഞപോലെ തന്നെ.. ഓന്‍റെ കണ്ണൊന്ന് പോയി നേക്കട്ട നീ.. കണ്ണൊന്നും ഇല്ല ഓന്..'
ഇതേവിദ്യാര്‍ഥി ഷഹബാസിന് അയച്ച സന്ദേശത്തില്‍ പ്രശ്നം ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 'ചൊറ ഒഴിവാക്കി കൊണ്ട... ഇങ്ങനെ ആണെന്ന് ഞാന്‍ വിചാരില്ല.. എനെക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്തെങ്കിലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട് കേട്ടോ..' എന്നാണ് ഷഹബാസിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.
മര്‍ദ്ദിച്ചവരില്‍ മുതിര്‍ന്നവരും ഉണ്ടെന്ന് ഷഹബാസിന്‍റെ മാതാവ് കെപി റംസീന മനോരമ ന്യൂസിനോട് പറഞ്ഞു. 'കുട്ടികള്‍ മാത്രമല്ല... വല്യവല്യ ആള്‍ക്കാരും വന്നിട്ടുണ്ടെന്ന് ചെക്കന്‍മാര്‍ വന്ന് പറഞ്ഞു. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം' എന്നാണ് മാതാവ് പറഞ്ഞത്.
നഞ്ചക്ക് കൊണ്ടാണ് ഷഹബാസിനെ മര്‍ദ്ദിച്ചതെന്ന് സുഹൃത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. കൊറാ ആള്‍ക്കാരെ കൂട്ടുമെന്ന് അവര്‍ പറഞ്ഞിരുന്നു. നഞ്ചക്ക് പോലുള്ള സാധനങ്ങള്‍ ആക്രമണത്തിന് മുന്‍പ് ഗ്രൂപ്പിലിട്ടിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ഷഹബാസിന്‍റെ മരണത്തിന് കാരണം. താമരശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ ഷഹബാസ് അബോധാവസ്ഥയിലായിരുന്നുവെന്ന് ആശുപത്രിയിലെത്തിച്ച അയല്‍വാസി മുഹമ്മദ് സാലി പറഞ്ഞു. പരിശോധിച്ചപ്പോള്‍ മുറിവോ കാര്യങ്ങളൊ ഒന്നുമില്ലായിരുന്നു. ഇടിയുടെ വെയ്റ്റ്കൊണ്ടാണ് ഗുരുതരമായത്. ഭാരമുള്ള ആള്‍ അടിച്ചത് കൊണ്ടാകാം അല്ലെങ്കില്‍ ആയുധമല്ലാത്ത എന്തെങ്കിലും കൊണ്ട് അടിച്ചതാകാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.