തൃശൂരിൽ മദ്യലഹരിയിലുണ്ടായ പകയിൽ മൂന്നു പേർ കൊല്ലപ്പെട്ടു. വടക്കാഞ്ചേരിയിൽ ക്രിമിനൽ കേസ് പ്രതി അയൽവാസിയെ കുത്തിക്കൊന്നു. പൊന്നൂക്കരയിൽ യുവാവ് സുഹൃത്തിനെ ഭിത്തിയിലിടിച്ചു കൊന്നു. വാഴക്കോട് ജ്യൂസ് കട ഉടമയെ നിലത്തു തള്ളിയിട്ടും കൊലപ്പെടുത്തി.
വടക്കാഞ്ചേരി സ്വദേശിയായ സേവ്യർ പെയിൻ്റ് പണി കരാറെടുത്ത് നടത്തുന്ന ആളാണ്. പണിക്കാരിൽ ഒരാളെ വടക്കാഞ്ചേരി സ്വദേശിയും അയൽവാസിയുമായ വിഷ്ണു സ്ഥിരമായി കളിയാക്കിയിരുന്നു. ഇതു ചോദ്യംചെയ്യാൻ വേണ്ടി സേവ്യറും സുഹൃത്ത് അനീഷും വിഷ്ണുവിൻറെ വീട്ടിൽ എത്തി. ഈ സമയം മദ്യലഹരിയിലായിരുന്നു വിഷ്ണു സേവ്യറിനേയും അനീഷിനേയും കുത്തിവീഴ്ത്തി. പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സേവ്യർ കൊല്ലപ്പെട്ടു. അനീഷ് ഗുരുതരാവസ്ഥയിലാണ്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു മദ്യലഹരിയിലായിരുന്നു. പൊന്നൂക്കരയിൽ മൂന്നു സുഹൃത്തുക്കൾ വീട്ടിലിരുന്ന് ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. പൊന്നൂക്കര സ്വദേശികളായ സുകുമാരനും സുധീഷും വിഷ്ണുവും. മദ്യം തലയ്ക്കു പിടിച്ചപ്പോഴാണ് സുധീഷന് പഴയൊരു കാര്യം ഓർമ വന്നത്. തൻറെ സഹോദരിയെ വിഷ്ണു പിൻതുടർന്ന് കളിയാക്കിയ കാര്യം. ഇതേചൊല്ലി സംസാരമായി. ബഹളമായി. കയ്യാങ്കളിയായി. സുധീഷിനെ ഭിത്തിയിൽ തലിയിടിപ്പിച്ച് വിഷ്ണു കൊലപ്പെടുത്തി. എന്നിട്ടും അരിശം തീരാതെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ സുധീഷ് മരിച്ചു. വാഴക്കോട് ജ്യൂസ് കട ഉടമ അബ്ദുൽ നാസറിനെ കാറിൽ എത്തിയ യുവാക്കൾ പിടിച്ചുതള്ളി. നിലത്തു വീണതോടെ അബോധാവസ്ഥയിലായി. കടയുടെ മുമ്പിൽ കാർ പാർക്ക് ചെയ്തതു നീക്കാൻ പറഞ്ഞതാണ് പ്രകോപനത്തിനു കാരണം. കാർ യാത്രക്കാരെ പിടികൂടാൻ അന്വേഷണം തുടരുന്നു. ഈ കാർ യാത്രക്കാരും മദ്യലഹരിയിലായിരുന്നു.
വടക്കാഞ്ചേരിയിലെ കൊലയാളിയായ വിഷ്ണു ഒളിവിലാണ്. പൊന്നുക്കരയിലെ കൊലയാളിയായ വിഷ്ണുവിനെ ഒല്ലൂർ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു സംഭവങ്ങളും ഇന്നലെ രാത്രിയാണ്.