തന്നോടും വീട്ടുകാരോടും ബന്ധുക്കള്‍ക്ക് മോശം സമീപനമെന്ന് പ്രതി അഫാന്റെ മൊഴി. തന്റെ അച്ഛന് കുടുംബത്തിലെ ഇളയ മകനായിട്ടും ആരും സഹായിക്കുന്നില്ല. ബന്ധുക്കള്‍ വീട്ടില്‍വന്ന് കടം തിരികെ ചോദിച്ചതും വിഷമമുണ്ടാക്കി. അമ്മയെയും അനിയനെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെന്ന് പ്രതി മൊഴി നല്കി. പണവും സ്വര്‍ണമാലയും നല്‍കാത്തതിലുള്ള വൈരാഗ്യം മൂലമാണ് പ്രതി കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
Read Also: ഫര്‍സാനയുമായുള്ള ബന്ധത്തെക്കുറിച്ച് ലത്തീഫ് വീട്ടില്‍ പറഞ്ഞു; കൊലപ്പെടുത്തിയത് മൃഗീയമായി
അതേസമയം, അഫാന് അപകടാവസ്ഥ തരണംചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എലിവിഷം ദിവസങ്ങള്‍ക്കുശേഷവും ഗുരുതരമായി ബാധിക്കാം. ചികില്‍സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും . ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പെപ്സിയില്‍ ചേര്‍ത്തും എലിവിഷം കഴിച്ചെന്നും അഫാന് വെളിപ്പെടുത്തി.
കൊലയ്ക്ക് മുമ്പ് പ്രതി അമ്മയോടു പണവും മുത്തശ്ശിയോട് സ്വര്‍ണമാലയും ആവശ്യപ്പെട്ടു. പ്രതി മുന്‍പും മാല ആവശ്യപ്പെട്ടിരുന്നതിനാല്‍ സല്‍മാബീവി ഒരു മകളെ സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്നു. ലഹരിമരുന്നിനായാണോ പണം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ് അഫാന്. മരുന്നു കുത്തിയ കാനുല ഊരിക്കളഞ്ഞ് പ്രതി അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
അഫാന് ലഹരി ഉപയോഗിച്ചെന്ന് സംശയമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. ഏതുലഹരിയെന്ന് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ. കൊല്ലപ്പെട്ട അബ്ദുല്‍ ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകള്‍ കണ്ടെത്തി. ലത്തീഫ് പെണ്‍കുട്ടിയെപ്പറ്റി സംസാരിക്കാന്‍ അഫാന്റെ വീട്ടില്പോയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ലത്തീഫിന്റെ കൊലപാതകമെന്ന് നിഗമനം. സല്‍മാബീവിയുടെ തലയുടെ പിറകില്‍ ആഴത്തിലുള്ള മുറിവുണ്ട്
വെഞ്ഞാറമൂട്ടില്‍ ആറുമണിക്കൂറിനിടെയായിരുന്നു പ്രതി അഫാന് അഞ്ചു കൊലപാതകങ്ങള്‍ നടത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ അമ്മ ഷമിയെ പേരുമലയിലെ വീട്ടില്‍ കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. തുടര്‍ന്ന് പാങ്ങോട് മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. പോകുംവഴി ചുറ്റിക വാങ്ങി. 1.15ന് മുത്തശ്ശി സല്‍മാ ബീവിയെ ആക്രമിച്ചു. പാങ്ങോടുവച്ച് ഉച്ചയ്ക്ക് 12.38ന് പ്രതി ബൈക്കില്‍ യാത്രചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. സല്‍മാബീവിയെ നാലരയോടെ വീട്ടിലെത്തിയ മകളാണ് മരിച്ച നിലയില്‍ കണ്ടത്.
മുത്തശ്ശിയെ ആക്രമിച്ച മടങ്ങിയ പ്രതി മൂന്നുമണിയോടെ പിതൃസഹോദരന് ലത്തീഫിനെ പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ച് ആക്രമിച്ചു. ഭാര്യ സാജിത ബീഗത്തെ അടുക്കളയില്‍ വച്ച് തലയ്ക്കടിച്ചു. നാലുമണിയോടെ തിരിച്ച് പേരുമലയിലെ വീട്ടിലെത്തി പെണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി. പിന്നാലെ പുറത്തുപോയ പ്രതി സഹോദരന് അമ്മയുടെ ഫോണിലേക്ക് വിളിച്ചതിനു പിന്നാലെ തിരിച്ചെത്തി. സഹോദരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തുടര്‍ന്ന് ഓട്ടോയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.