വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെഎസ് അരുണ്‍ . ഏത് തരം ലഹരിയെന്ന് പരിശോധനയ്ക്കു ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂ. അഫാന്‍റെ അച്ഛന്‍റെ ചേട്ടന്‍ ലത്തീഫ് അഫാനും ഫര്‍സാനയുമായുള്ള ബന്ധത്തെക്കുറിച്ചു സംസാരിക്കാന്‍ പ്രതിയുടെ വീട്ടില്‍ പോയിരുന്നുവെന്നും ഇക്കാരണത്താലാകും ലത്തീഫിനെ കൊലപ്പെടുത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞു.
അഫാന്‍റെ ഉമ്മയെയും വല്യുമ്മയെയും ആക്രമിച്ച ശേഷമെത്തിയത് അച്ഛന്‍റെ ചേട്ടന്‍റെ വീട്ടിലേക്കാണ്, അതിനൊരു കാരണവുമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പൊലീസ് വെളിപ്പെടുത്തുന്നത്. കാമുകി ഫര്‍സാനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാനായി ലത്തീഫ് അഫാന്‍റെ വീട്ടിലെത്തിയിരുന്നു. അതീവരഹസ്യമായി കൊണ്ടുനടന്ന ബന്ധം വീട്ടില്‍ അറിയിച്ചതിലുള്ള വൈരാഗ്യമാകാം കൊലയ്ക്കു കാരണമെന്നാണ് നിഗമനം. ലത്തീഫിനെ കൊലപ്പെടുത്തിയതും മൃഗീയമായ രീതിയിലാണ്.
നെഞ്ചിനുമുകളില്‍ മാത്രം ഏകദേശം ഇരുപതിലേറെ മുറിവുകളുണ്ട്. എല്ലാം മാരകമായ മുറിവുകളാണ്. ബാങ്കുവിളിക്കാനുള്‍പ്പെടെ പള്ളിയില്‍ പോകുന്ന ലത്തീഫ് വീട്ടിലുണ്ടാകുന്ന സമയത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളയാളാണ് അഫാന്‍. വൈകിട്ട് നാലിനും ആറിനുമിടയിലാണ് അഫാന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. രാവിലെ പത്തുമുതല്‍ ആറുവരെ ആറുമണിക്കൂറോളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അഫാന്‍ എന്ന 23കാരന്‍ കുടുംബാംഗങ്ങള്‍ ഓരോരുത്തരെയായി കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ചതിനെത്തുടര്‍ന്ന് തലയോട്ടി തകര്‍ന്നാണ് അഞ്ചുപേരും മരിച്ചത്. അഫാന്റെ ഉമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.