ഡല്‍ഹിയെ വിറപ്പിച്ച വനിതാ ഗുണ്ട, പൊലീസിനു പോലും തൊടാനാകാത്തവിധം അധോലോക സെറ്റപ്പില്‍ ജീവിച്ച സോയ ഖാന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. ഹാഷിം ബാബ എന്ന ഗുണ്ടാത്തലവന്‍റെ ഭാര്യയായ സോയയെ ഒരു കോടിയോളം വരുന്ന ലഹരിവസ്തുമായാണ് പൊലീസ് പിടിച്ചത്. ഇത്രയും കാലം തെളിവുകളുടെ അഭാവമായിരുന്നു സോയയെ കുടുക്കാന്‍ പൊലീസിന് വെല്ലുവിളിയായത്. എന്നാല്‍ ഇത്തവണ കയ്യോടെ പൊക്കി എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
33 വയസ്സാണ് സോയയുടെ പ്രായം. ഭര്‍ത്താവ് ഹാഷിം ബാബ അഴിക്കുള്ളിലായതോടെയാണ് സോയ ഗുണ്ടാത്തലൈവിയായി മാറിയത്. കൊലപാതകം, ആയുധം കടത്ത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കേസുകളാണ് ഹാഷിം ബാബയ്ക്കെതിരെയുള്ളത്. സോയ ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലാണ് ഇവര്‍ വിവാഹിതരായത്. സോയയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ സോയ അയല്‍വാസിയായ ഹാഷിം ബാബയുമായി അടുപ്പത്തിലാകുകയും അയാളെ പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.
ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരി ഹസീന പാര്‍ക്കറെ പോലെ ഹാഷിം ബാബയുടെ സാമ്രാജ്യം കാത്തുപരിപാലിക്കേണ്ട ഉത്തരവാദിത്തം മെല്ലെ സോയ ഏറ്റെടുത്തു. കവര്‍ച്ചയും ലഹരിക്കടത്തും തുടങ്ങി. സകല കുറ്റകൃത്യങ്ങള്‍ക്കും മുന്നില്‍ നിന്ന് തേര്‍ തെളിച്ചത് സോയ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമത്തിലും സോയ സജീവമാണ്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിറയെ വമ്പന്‍ കല്യാണ പാര്‍ട്ടികളില്‍ പങ്കെടുത്തതും വില കൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നില്‍ക്കുന്നതുമായ ചിത്രങ്ങളാണ്. ധാരാളം ഫോളോവേഴ്സും സോയക്കുണ്ട്.
കൃത്യമായ ഇടവേളകളില്‍ തിഹാര്‍ ജയിലിലെത്തി സോയ ഭര്‍ത്താവിനെ കാണാറുണ്ടായിരുന്നു. ഇവര്‍ പരസ്പരം ഒരു കോഡ് ഭാഷ ഉപയോഗിച്ചാണ് സംസാരിച്ചിരുന്നത് എന്ന് പൊലീസ് പറയുന്നു. സാമ്പത്തിക കാര്യങ്ങളടക്കം എല്ലാം ഇവര്‍ ഇത്തരത്തില്‍ പരസ്പരം ചര്‍ച്ച ചെയ്തു. ഹാഷിം ബാബ ജയിലിലായിട്ടും ഇയാള്‍ ചെയ്തുവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പഴയപടി തന്നെ മുന്നോട്ടുകൊണ്ടുപോയത് സോയയിലൂടെയായിരുന്നു.
സോയ ഗുണ്ടാനേതാവാണ് എന്ന വിവരം ലഭിച്ചിട്ടും പക്ഷേ പൊലീസിന് യാതൊന്നു ചെയ്യാനായില്ല. അതിന് സോയ ഇടവരുത്തിയില്ല എന്നു വേണം പറയാന്‍. യാതൊരു തെളിവും അവശേഷിപ്പിക്കാതെയുള്ള പ്രവര്‍ത്തനമാണ് സോയ നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇത്തവണ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം സോയയെ കയ്യോടെ പൂട്ടി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വിതരണം ചെയ്യാനായി കടത്തിയ ലഹരി വസ്തുക്കളുമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വച്ചാണ് സോയ പിടിയിലായത്. 2024ലെ നാദിര്‍ ഷാ വധക്കേസിലെ പ്രതികള്‍ക്ക് അഭയം നല്‍കിയത് സോയ ആണെന്ന സംശയം പൊലീസിനുണ്ട്. ജിം ഉടമയായ നാദിര്‍ ഷായെ വെടിവച്ച് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു.