കൈക്കൂലിക്കേസിൽ പിടിയിലായ എറണാകുളം ആർടിഒ ടി.എം ജേഴ്സണ്‍ കുടുംബാംഗങ്ങളുടെ പേരിൽ ബിസിനസിനായി നിക്ഷേപിച്ചത് കോടികൾ. മാസങ്ങൾക്ക് മുമ്പ് ഭാര്യയുടെ പേരിൽ മുക്കാൽ കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങൾക്ക് ആർടിഒ വ്യക്തമായ മറുപടി നൽകിയില്ല. ബെനാമി ഇടപാടുകളടക്കം കണ്ടെത്തുന്നതിനായി ജേഴ്സണെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ നീക്കം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. വിജിലൻസ് പരിശോധന ഒഴിവാക്കാൻ സഹപ്രവർത്തകരിൽ നിന്ന് പണം പിരിച്ചത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ആർടിഒയ്ക്കെതിരെ വകുപ്പുതല നടപടി ഇന്നുണ്ടായേക്കുമെന്നാണ് സൂചന.