തൃശൂര്‍ ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതി ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോയെ ഇന്നലെ രാത്രിയോടെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. കടംവീട്ടാനാണ് ബാങ്ക് കൊള്ളയടിച്ചതെന്നാണ് പ്രതിയുടെ മൊഴി. കൃത്യമായ ആസൂത്രണത്തോടെ ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പിലാണ് പ്രതി കൃത്യത്തിന് ഇറങ്ങിയത്.
Also Read: സ്ഥിരമായി വരുന്ന പള്ളി; പള്ളിക്ക് മുന്നിലെ ബാങ്ക്; നിര്‍ണായകമായത് ഷൂസിന്‍റെ കളര്‍
ആഴ്ചകള്‍ക്ക് മുന്‍പ് കൃത്യം നടത്താനുള്ള തീയതി റിജോ തീരുമാനിച്ചിരുന്നു. രണ്ടാം വെള്ളിയാഴ്ചയാണ് പ്രതി കവര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തത്. പോട്ട പള്ളിയില്‍ ആദ്യ വെള്ളിയാഴ്ചയും അവസാന വെള്ളിയാഴ്ചയും പ്രാര്‍ഥനയുണ്ട്. രണ്ടാം വെള്ളിയാഴ്ചയില്‍ ചടങ്ങുകളില്ലെന്നതാണ് ഈ ദിവസം തിരഞ്ഞെടുക്കാനുള്ള കാരണം.
ഫെഡറല്‍ ബാങ്കില്‍ ചാലക്കുടി ശാഖയില്‍ പ്രതിക്ക് അക്കൗണ്ടുണ്ട്. ഇവിടെ പലപ്പോഴായി ചെല്ലാറുള്ള പ്രതിക്ക് 2-2.30 വരെയാണ് ഇടവേളയെന്ന് നേരത്തെ അറിയാമായിരുന്നു. ക്യാഷ് കൗണ്ടറില്‍ ആളില്ലാത്ത സമയം കണക്കിലെടുത്താണ് ഉച്ചയ്ക്ക് തന്നെ പ്രതി മോഷണത്തിന് ഇറങ്ങിയത്.
Also Read: ഭാര്യ നല്‍കിയ പണം തീര്‍ന്നു; ഭാര്യ തിരിച്ചെത്താനായപ്പോള്‍ കടം വീട്ടാന്‍ മോഷണം
പല രീതിയില്‍ പ്രതി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം നടത്തി. 3 തവണ വസ്ത്രം മാറി. കവര്‍ച്ചയ്ക്ക് പോകുമ്പോള്‍ ഒരു വസ്ത്രം. കവര്‍ച്ചയ്ക്ക് മുന്‍പ് മറ്റൊരു വസ്ത്രം ശേഷം വേറെ. എന്നാല്‍ ഷൂവിലാണ് പൊലീസ് പ്രതിയെ കുടുക്കിയത്. പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് തുമ്പായത് ഷൂവിന്‍റെ കളറും വാഹനവുമായിരുന്നു.
മദ്യപാനം മൂലമാണ് കടബാധ്യതയുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ചയ്ക്ക് മുന്‍പ് മറ്റൊരു ശ്രമം നടത്തിയിരുന്നു. അന്ന് പൊലീസ് ജീപ്പ് കണ്ട് ഭയന്ന് പിന്മാറുകയായിരുന്നു.
15 ലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. മോഷണം നടത്തിയ പണത്തില്‍ നിന്നും ഒരു കുപ്പി വാങ്ങി. 2.90 ലക്ഷം രൂപ കടം വീട്ടി. കുറച്ച് ചെലവാക്കി. കുറച്ച് തുക ബന്‍ഡില്‍ പൊട്ടിക്കാതെ കയ്യിലുണ്ടെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. ഇന്ന് പ്രതിയെ ബാങ്കിലും വീട്ടിലുമെത്തിച്ച് തെളിവെടുക്കും.