പോട്ട ബാങ്ക് കവർച്ചക്കേസിൽ കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ച് അന്വേഷിക്കണമെന്ന് പോലീസ്. പ്രതി റിജോ ആന്റണിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയത്. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താൻ റിജോയെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. റിജോയെ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക്  റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും

ചാലക്കുടി പോട്ടയിലെ ബാങ്ക് കവര്‍ച്ച വന്‍ ആസൂത്രത്തണത്തിനുശേഷം. പ്രതി റിജോ കൊള്ളയടിച്ച പതിനഞ്ചു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കവർച്ചയ്ക്കു ശേഷം ബാങ്കിൽ നിന്ന് വീട്ടിലേയ്ക്കുളള റിജോയുടെ യാത്രാ ദൃശ്യങ്ങൾ മുഴുവനും മനോരമ ന്യൂസ് പുറത്തുവിട്ടു . 

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്ത 15 ലക്ഷം രൂപ തുണിയിൽ പൊതിഞ്ഞ് വീട്ടിലെ അലമാരയിൽ ആദ്യം സൂക്ഷിച്ചിരുന്നു. ഈ തുക കണ്ടെടുത്തു.  മൂന്നു ലക്ഷം രൂപ പിറ്റേന്ന് സുഹൃത്തിന് കടം വീട്ടീ. അറസ്റ്റിലായ ശേഷമാണ് റിജോ തന്ന തുക മോഷണം മുതലാണെന്ന് സുഹൃത്ത് മനസ്സിലാക്കിയത്. ഉടനെ പൊലീസിനെ വിവരമറിയിച്ചു.

ഉപയോഗിച്ച കത്തി വീട്ടിൽ നിന്ന് പൊലീസിന് കിട്ടി.  കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേ കാലിനായിരുന്നു കവർച്ച. അഞ്ഞൂറിലേറെ സിസിടിവി കാമറകൾ പരിശോധിച്ചാണ് റിജോയെ പിടികൂടിയത് . മോഷ്ടാവിലേക്ക് എത്തിയ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. റിജോയുടെ വീടിന്റെ 200 മീറ്റർ അകലെയുള്ള വീട്ടിലെ സിസിടിവി കാമറ ദൃശ്യങ്ങളായിരുന്നു ഇത്. പൊലീസ് എത്തിയ സമയം റിജോ പരുങ്ങിയെന്ന് അറസ്റ്റിന് ദൃക്സാക്ഷിയായ നഗരസഭ കൗൺസിലർ പറഞ്ഞു.

രണ്ടര വർഷം മുമ്പ് ചാലക്കുടിയിൽ റിജോ വാങ്ങിയ ഇരുനില വീടാണിത്. പത്തു സെൻ്റ് ഭൂമിയിൽ രണ്ടായിരം സ്ക്വയർ ഫീറ്റ് വീട്. ഗൾഫിൽ ഭാര്യാസമേതം ജോലിയായിരുന്നു. കോവിഡ് കാലത്ത് ഗൾഫിൽ നിന്ന് നാട്ടിലെത്തി. ഭാര്യ വീണ്ടും വിദേശത്ത്  നഴ്സായി ജോലിക്കുപോയി. പ്രതിമാസ ശമ്പളമായ മൂന്നു ലക്ഷം രൂപയിൽ നിന്ന് പകുതി തുകയും റീജോയ്ക്ക് അയച്ചു നൽകിയിരുന്നു. മദ്യപിച്ച് അടിച്ചു പൊളി ജീവിതമായതോടെ കടം കയറി . വായ്പ തിരിച്ചടയ്ക്കാൻ ഭാര്യ നൽകിയ തുക വകമാറ്റിയതോടെ കെണിയായി.

രണ്ടാമത്തെ മകളുടെ ആദ്യ കുർബാന സ്വീകരണത്തിന് ഭാര്യ ഏപ്രിലിൽ വരുന്നുണ്ട്. ഭാര്യയെ കടം ഒളിപ്പിക്കാൻ റിജോ കണ്ടെത്തിയ വഴിയാകട്ടെ ബാങ്ക് കവർച്ചയും. വേഷം മാറിയും വണ്ടിയുടെ രൂപം മാറ്റിയും പൊലീസിനെ പറ്റിക്കാമെന്ന റിജോയുടെ തന്ത്രം പിഴച്ചു. സി.സി.ടി.വി കാമറകൾ പിൻതുടർന്ന് പൊലീസ് സമർഥമായി നടത്തിയ അന്വേഷണത്തിന് മുമ്പിൽ റിജോ അടിയറവു പറഞ്ഞു. 

ENGLISH SUMMARY:

The police have stated that further investigation is needed to determine the involvement of more individuals in the Potta bank robbery case. This was detailed in the remand report of the accused, Rijo Antony. The investigation team has requested five days of custody to clarify various aspects of the case. The Chalakudy Judicial First Class Magistrate Court has remanded Rijo for 14 days. The court will consider both the custody request and the accused’s bail plea tomorrow.