ചാലക്കുടി പോട്ടയിൽ ബാങ്കിൽ അതിക്രമിച്ചു കയറി ജീവനക്കാരെ കത്തി കാട്ടി പേടിപ്പിച്ച് 15 ലക്ഷം തട്ടിയ ആളെ തിരിച്ചറിയാനായില്ല. മോഷ്ടാവ് രക്ഷപ്പെട്ട സ്കൂട്ടറും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ കാലിനായിരുന്നു കവർച്ച. മോഷണ ശേഷം പ്രതി അങ്കമാലി ഭാഗത്തേക്ക് കടന്നതായാണ് സൂചന. അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിച്ചു. ഹിന്ദി സംസാരിക്കുന്ന പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മോഷ്ടാവ് സ്കൂട്ടറില്‍ രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ഉച്ചക്കഴിഞ്ഞു രണ്ടേക്കാലിന് ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കള്ളനെത്തി. ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ഭൂരിഭാഗം ജീവനക്കാരും. ഏഴു പേരായിരുന്നു ബാങ്കിനകത്തുണ്ടായിരുന്നത്. കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. കാഷ് കൗണ്ടറിന്‍റെ ചില്ല് കസേര കൊണ്ട് അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 3 മിനിറ്റു കൊണ്ട് കവര്‍ച്ച നടത്തി മോഷ്ടാവ് സ്കൂട്ടറില്‍തന്നെ രക്ഷപ്പെട്ടു.
ബാങ്കിനു മുമ്പില്‍തന്നെയാണ് സ്കൂട്ടര്‍ നിര്‍ത്തിയിരുന്നത്. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മോഷ്ടാവിന്‍റെ മുഖം വ്യക്തമായില്ല. പുറകില്‍ വലിയൊരു ബാഗുമുണ്ടായിരുന്നു. ടി.വി.എസ്. എന്‍ഡോര്‍ഗ് സ്കൂട്ടറിലായിരുന്നു മോഷ്ടാവിന്‍റെ വരവും പോക്കും. ഇടപാടുകാര്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു കവര്‍ച്ച.
നട്ടുച്ച സമയമായതിനാല്‍ റോഡിലും തിരക്ക് കുറവായിരുന്നു. ഒട്ടേറെ കടകളുള്ള കെട്ടിട സമുച്ചയത്തിലാണ് ബാങ്ക് . വിവരമറിഞ്ഞ് ആളുകള്‍ വന്നപ്പോഴേക്കും കള്ളന്‍ രക്ഷപ്പെട്ടിരുന്നു. ബാങ്കിന്‍റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തം. മോഷ്ടാവിനെ തിരിച്ചറിയാനും വന്ന വണ്ടി കണ്ടെത്താനും അന്വേഷണം തുടരുകയാണ്.