കൊല്ലത്ത് വീണ്ടും പൊലീസ് അതിക്രമം. ഒത്തുതീർപ്പായ കേസിൽ വാറണ്ട് ഓർഡറുമായി അർധരാത്രി വീട്ടിൽ കയറി ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു. ഭാര്യക്കും പെണ്‍മക്കള്‍ക്കും മുന്‍പിലിട്ടാണ് പൊലീസ് പള്ളിമൺ സ്വദേശി അജിയെ വലിച്ചിഴച്ച് കൊണ്ടുപോയത്. വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ പൊലീസ് അജിയുടെ കഴുത്തിന് കുത്തിപിടിച്ച് തള്ളുന്നതും വിഡിയോയില്‍ കാണാം. സാറെ എന്താണ് കേസ് എന്ന് അജി ചോദിക്കുമ്പോള്‍ പറയാനുള്ള മനസ് പോലും പൊലീസ് കാണിക്കുന്നില്ല, ഇടിച്ചു കൂട്ടും നിന്നെ എന്ന് പറഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും മകള്‍ പകര്‍ത്തിയ വിഡിയോയില്‍ കാണാന്‍ സാധിക്കും. വലിയ വായില്‍ അജിയുടെ മകള്‍ നിലവിളിക്കുന്നതും കോള്‍ക്കാം.
രാത്രിയായതിനാല്‍ അടിവസ്ത്രം ഇട്ടോട്ടെ സാറെ എന്ന് പറയുമ്പോള്‍ ഇടാടാ..നീ എന്ന് പറഞ്ഞ് മകളുടെയും ഭാര്യയുടെയും മുന്നില്‍ വച്ച് പൊലീസ് കയര്‍ക്കുന്നതും ‘എന്‍റെ മോളുടെ മുന്നില്‍ വച്ച് എങ്ങനെയാ സാറെ അടിവസ്ത്രം ഇടുകാ’ എന്ന് അജി ചോദിക്കുന്നതും വിഡിയോയിലുണ്ട്. ‘നീ ഒരു വക്കിലീനിനെയും കാണില്ല, കോടതിയില്‍ എന്താണേല്‍ ഉണ്ടാക്ക്, എനിക്ക് വേറെ പണിയുണ്ട്, ഒരു സംസാരവും ഇല്ലാ, ’ എന്നെല്ലാം പൊലീസ് പറയുന്നുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് അജി നൽകിയ പരാതിയിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണംതുടങ്ങി.