ഹരിയാനയിലെ ഗുഡ്ഗാവില്‍ 56 കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാല്‍സംഗം ചെയ്തതായി പരാതി. ഫെബ്രുവരി 9 ന് രാത്രി ഫരീദാബാദിലെ സെക്ടർ 17ലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ബസ് ഡ്രൈവറേയും കുറ്റകൃത്യം നോക്കിനിന്ന കണ്ടക്ടറേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി ഫ്ലാറ്റുകളിൽ വീട്ടുജോലികള്‍ക്കായി സഹായത്തിനെത്തുകയും അതുവഴി ഉപജീവനം നടത്തുകയും ചെയ്യുന്ന സ്ത്രീയാണ് ക്രൂരകൃത്യത്തിന് ഇരയായത്. ജോലിക്ക് ശേഷം സെക്ടർ 56 ലെ തന്‍റെ വീട്ടിലേക്ക് പോകുന്നതിനായി വൈകുന്നേരം 6 മണിയോടെ സെക്ടർ 17 ബൈപാസ് റോഡിൽ ബസ് കാത്തുനിന്ന് ഇവരെ ഡ്രൈവര്‍ വീടിനടുത്ത് ഇറക്കിവിടാമെന്ന് പറഞ്ഞാണ് ബസില്‍ വിളിച്ചുകയറ്റിയത്. എന്നാല്‍ ബസിൽ കയറിയപ്പോൾ താന്‍ മാത്രമേ യാത്രക്കാരിയായുള്ളൂ എന്ന് തിരിച്ചറിഞ്ഞ സ്ത്രീ അതിനെ കുറിച്ച് കണ്ടക്ടറോട് ചോദിച്ചു. വഴിയില്‍ വച്ച് ഇനിയും ആളുകള്‍ കയറുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.
എന്നാല്‍ ബസ് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച ഡ്രൈവര്‍ വാഹനം നിര്‍ത്തി 56 കാരിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഡ്രൈവർ ബസിനുള്ളിൽ ക്രൂരകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബസിലെ ജനാലകള്‍ അടച്ച് മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു കണ്ടക്ടറെന്ന് ഫരീദാബാദ് പൊലീസ് പറഞ്ഞു. ബലാല്‍സംഗത്തിന് ശേഷം സ്ത്രീയെ സെക്ടർ 17 ൽ ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതിജീവിത കുറ്റകൃത്യം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ബിഎൻഎസിന്റെ സെക്ഷൻ 64 (ബലാല്‍സംഗം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിജീവിതയെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ക്യാമറകളിൽ പരിശോധിച്ചുള്ള ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്തിച്ചത്. ബസ് ഡ്രൈവർ റോഷൻ ലാൽ (35), കണ്ടക്ടർ നാൻഹെ എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. റോഷൻ ജയ്പൂരിലെ പനിയാല ഗ്രാമത്തിൽ നിന്നുള്ളയാളാണ്. നാൻഹെ യുപി സ്വദേശിയാണ്. ഗുഡ്ഗാവിൽ നിന്ന് ഫരീദാബാദിലേക്ക് സ്വകാര്യ കമ്പനിയിലെ ജീവനക്കാരെ കൊണ്ടുപോകാറുണ്ടെന്ന് പ്രതികള്‍ ചോജ്യം ചെയ്യലില്‍ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസും പിടിച്ചെടുത്തിട്ടുണ്ട്.