ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. ഹെല്‍മറ്റ് ധരിച്ച് കത്തിയുമായി ഉച്ചയ്ക്ക് 2.15നാണ് മോഷ്ടാവ് ബാങ്കില്‍ കടന്നത് . കസേര ഉപയോഗിച്ച് കാഷ് കൗണ്ടര്‍ തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാഷ്യറായ വനിത ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തിയാണ് 15 ലക്ഷം കവര്‍ന്നത്. കവര്‍ച്ച നടക്കുമ്പോള്‍ ബാങ്കില്‍ 8 ജീവനക്കാരാണ് ഉണ്ടായിരുന്നത്. സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു .
സ്കൂട്ടറിലാണ് മോഷ്ടാവ് ബാങ്ക് പരിസരത്തെതുന്നത് . സ്കൂട്ടര്‍ നിര്‍ത്തി ബാങ്കിലേക്ക് കയറിവരുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ട് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചാണ് മോഷ്ടാവ് ബാങ്കിനുള്ളിലേക്ക് കയറിയത് . തുടര്‍ന്നായിരുന്നു ആക്രമണം. ജീവനക്കാർ ഇടപാടുകൾ നിർത്തി ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് കവർച്ച. സ്കൂട്ടറിൽ മോഷ്ടാവ് വരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഹെൽമറ്റ് ധരിച്ച മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചത്. രണ്ടരമിനിറ്റു കൊണ്ടാണ് കവർച്ച നടത്തി മടങ്ങിയത്. പ്രതിയുടെ സഞ്ചാരപാതയെക്കുറിച്ച് സൂചനയുണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്.പി. ബി.കൃഷ്ണകുമാര്‍ പറഞ്ഞു