ragging

കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗിങ്ങിനിരയാക്കിയ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. അഞ്ചുപേരെയും കോളജില്‍ നിന്ന് സസ്പന്‍ഡും ചെയ്തു. 

മൂന്നു മാസത്തോളം ജൂനിയര്‍ വിദ്യാര്‍ഥികളെ ഇവര്‍ റാഗിങ് ചെയ്തു എന്നാണ് വിവരം. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടും ശരീരത്തില്‍ കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുമാണ് ഇവര്‍ മൂന്നുമാസത്തോളമായി റാഗിങ് തുടര്‍ന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.

കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ്  പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

ENGLISH SUMMARY:

A case has been registered against five senior students for ragging first-year students at the Nursing College of Kottayam Medical College. The action has been taken against third-year students. All five have also been suspended from the college.