പാതിവില തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവെന്ന് പ്രതി അനന്തുകൃഷ്ണന്റെ കുറ്റസമ്മത മൊഴി. സമാഹരിച്ച പണം മുഴുവൻ ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചു.ഭീമമായ തുകയും വിനിയോഗിച്ചത് ഭൂമി വാങ്ങിക്കൂട്ടാനും വിമാനയാത്രകൾ നടത്താനുമെന്നും അനന്തുകൃഷ്ണൻ. അനന്തുവിൽ നിന്ന് രാഷ്ട്രീയക്കാർ സ്വീകരിച്ചത് തട്ടിപ്പ് പണം ആണെങ്കിൽ നിയമോപദേശം തേടിയ ശേഷമാകും ക്രൈം ബ്രാഞ്ച് കേസ് എടുക്കുക.
കേരളത്തിൽ അങ്ങോളം ഇങ്ങോളം അരലക്ഷത്തോളം പേരിൽ നിന്ന് അറുപതിനായിരം രൂപ വീതം അനന്തുകൃഷ്ണൻ വാങ്ങി. ഇതിൽ 17000 പേർക്ക് മാത്രമാണ് ടൂ വീലർ വിതരണം ചെയ്തത്. ആദ്യ ഘട്ടം വിശ്വാസ്യത നേടി എടുക്കാൻ വാഗ്ദാനം പാലിച്ചു. പിന്നീട് സമാഹരിച്ച തുക അനന്തുകൃഷ്‌ണനും സംഘവും ഉപയോഗിച്ചത് ആഡംബര ജീവിതത്തിന് വേണ്ടിയാണ്.
പലയിടങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടി, ആഡംബര കാറുകളും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങി. ഡെൽഹിയ്ക്കും കൊച്ചിയ്ക്കും ഇടയിൽ നിരവധി വിമാനയാത്രകൾ, വിനോദ യാത്രകൾ. രാഷ്ട്രീയക്കാർക്കും ഉന്നതർക്കും പങ്ക് വച്ച ശേഷം അക്കൗണ്ടിൽ ബാക്കിയുള്ളത് ലക്ഷങ്ങൾ മാത്രം. മാധ്യമങ്ങളിലൂടെ അടക്കം പ്രചരിക്കുന്ന രാഷ്ട്രീയ കാരുടെ പേരുകൾ ശരിയല്ലെന്നും പൊലീസ് പറയുന്നു.
എറണാകുളത്തേയും ഇടുക്കിയിലെയും രാഷ്ട്രീയ കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് അനന്തു പോലീസിനോട് സമ്മതിച്ചു. കേസിലെ ജനപ്രതിനിധികളുടെ ഉൾപ്പടെ പങ്ക് അന്വഷിക്കണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തട്ടിപ്പിൽ പണം ചിലവഴിച്ച വഴിയേ കുറിച്ചാകും ക്രൈം ബ്രാഞ്ച് അന്വഷിക്കുക. തട്ടിപ്പിലൂടെ ലാഭം ഉണ്ടാക്കിയ പണം ആണ് അനന്തു രാഷ്ട്രീയക്കാർക്ക് നല്കിയതെങ്കിൽ നിയമോപദേശം തേടിയ ശേഷമാകും കേസ് എടുക്കുക. നിലവിൽ എടുത്തിട്ടുള്ള 375 തട്ടിപ്പ് കേസുകളും ലോക്കൽ പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ഇനി ലഭിക്കുന്ന പരാതികളിൽ പ്രാഥമിക അന്വഷണം നടത്തിയ ശേഷം കൈമാറാനാണ് ലോക്കൽ പൊലീസിന് ക്രൈം ബ്രാഞ്ച് നൽകിയിരിക്കുന്ന നിർദേശം