ജനറേറ്ററുകൾ വാടകയ്ക്കെടുത്ത് ആക്രിക്കടയിൽ വില്‍പ്പന നടത്തി പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. ചാലപറമ്പ് സ്വദേശിയായ ഷാജി, കല്ലറ സ്വദേശിനി റസീന എന്നിവരാണ് പിടിയിലായത്. വിശ്വാസവഞ്ചന കുറ്റം ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്ന് ലക്ഷത്തിലധികം രൂപവരെ വിലവരുന്ന 12 ജനറേറ്ററുകൾ വരെ വാടകയ്ക്ക് എടുത്ത് ആക്രിക്കടയിൽ വിൽപ്പന നടത്തിയായിരുന്നു ഇരുവരുടെയും തട്ടിപ്പ്. ധന്യ പവർ യൂണിറ്റ് എന്ന സ്ഥാപനത്തിന്‍റെ ഉടമകൾ എന്ന പേരിൽ ജനറേറ്ററുകൾ കാഞ്ഞിരമറ്റത്തെ ആക്രിക്കടയിൽ കൊണ്ടുവന്ന് വിൽക്കുകയായിരുന്നു പതിവ്. ആക്രിക്കടയിൽ ഉണ്ടായിരുന്നയാൾക്ക് സംശയം തോന്നി ജനറേറ്ററിൽ കണ്ട ഉടമയുടെ നമ്പറിൽ വിളിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഉടമ എത്തി ഷാജിയും റസീനയും വാടകയ്ക്ക് എടുത്ത ജനറേറ്ററാണെന്ന് തിരിച്ചറിഞ്ഞു. ഉടമകൾ ജനറേറ്റർ തിരിച്ച് ചോദിക്കുമ്പോൾ കുറച്ചുകൂടി പണം നൽകി വാടക ദിവസം നീട്ടും. പിന്നീട് വിളിക്കുമ്പോൾ ഫോൺ എടുക്കാതെ മുങ്ങും.. ഇതായിരുന്നു ഷാജിയുടെയും റസീനയുടെയും തട്ടിപ്പുരീതി.കഴിഞ്ഞ മാസം രണ്ട് ജനറേറ്റർ വാടകയ്ക്ക് നൽകിയ ഉടമ നൽകിയ പരാതിയിലാണ് വൈക്കം പൊലീസ് കേസ് എടുത്തത്. നിലവിൽ വൈക്കത്ത് നിന്ന് പൂത്തോട്ട വരെയുള്ള ഭാഗങ്ങളിൽ നിന്ന 12 ജനറേറ്ററുകൾ ഇവർ വാടകയ്ക്കെടുത്ത് വിറ്റതായാണ് വിവരം.