തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവതിയെ ആണ്‍സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. വെണ്‍പകല്‍ സ്വദേശിനി സൂര്യയെ കൊടങ്ങാവിള സ്വദേശി സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെ ആശുപത്രിയിലെത്തിച്ച യുവതിയുടെ നില ഗുരുതരമാണ്.
നെയ്യാറ്റിന്‍കര അവണാകുഴിയിലുളള വീടിന്‍റെ ടെറസില്‍ വച്ചാണ് സൂര്യയ്ക്ക്് മാരകമായി വെട്ടേറ്റത്. സുഹൃത്തായ സച്ചു ആക്രമിക്കാന്‍ എത്തിയപ്പോള്‍ പ്രാണരക്ഷാര്‍ഥം ടെറസിലേയ്ക്ക് ഒാടിക്കയറിയതാണ് യുവതി എന്നാണ് കരുതുന്നത്. വെട്ടേറ്റു പിടഞ്ഞ സൂര്യയെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ച ശേഷം ഇയാള്‍ മുങ്ങിക്കളഞ്ഞു. കൈകാലുകള്‍ക്കും തലയ്ക്കും ആഴത്തില്‍ മുറിവേറ്റ സൂര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
വീട് മുഴുവന്‍ ചോര തളം കെട്ടിക്കിടക്കുന്ന നിലയിലാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം വീട്ടില്‍ കഴിയുന്ന സൂര്യ നേരത്തെ സച്ചുവുമായി അടുപ്പത്തിലായിരുന്നു. ഇയാളുടെ സ്വഭാവ ദൂഷ്യം മനസിലാക്കിയ യുവതി അകല്‍ച്ച കാട്ടിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. യുവാവും വിവാഹിതനാണ്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.