പാതിവില തട്ടിപ്പില്‍ കുടുങ്ങിയത് സംസ്ഥാനത്തെ രണ്ടായിരത്തിലധികം സന്നദ്ധ സംഘടനകള്‍. സന്നദ്ധ സംഘടനകള്‍ ജനങ്ങളില്‍ നിന്ന് പിരിച്ച കോടികള്‍ പോയത് അനന്തുകൃഷ്ണന്‍റെ മൂന്ന് കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്. 19 അക്കൗണ്ടുകളുണ്ട്. ആകെ 450 കോടിയുടെ ഇടപാട് നടന്നെന്നും പൊലീസിന്‍റെ കണ്ടെത്തി. പണം കൈമാറ്റത്തിന് തയാറാക്കിയ കരാറുകള്‍ മനോരമ ന്യൂസിന് ലഭിച്ചു.
രണ്ട് വഴികളിലൂടെയായിയുരുന്നു അനന്തുകൃഷ്ണന്‍റെ തട്ടിപ്പ്. ഒന്ന് സ്വന്തമായി രൂപീകരിച്ച സീഡ് സൊസൈറ്റി എന്ന സംഘടനവഴി. രണ്ടാമത്തേത് എന്‍.ജി.ഒകളെ ഒരുമിച്ച് ചേര്‍ത്ത് രൂപീകരിച്ച എന്‍.ജി.ഒ കോണ്‍ഫെഡറേഷനിലൂടെ. 2022 സെപ്തംബറിലാണ് പ്രാദേശിക തലത്തില്‍ വേരോട്ടമുള്ള രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധ സംഘടനകളെ കൂട്ടിയിണക്കി ആനന്ദകുമാര്‍ ചെയര്‍മാനായി എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുന്നത്. അധികം വൈകാതെ അനന്തുകൃഷ്ണന്‍ ദേശീയ കോര്‍ഡിനേറ്റര്‍, സംസ്ഥാന സെക്രട്ടറി എന്ന സുപ്രധാന പദവിയിലെത്തി. അതിന് ശേഷമാണ് തട്ടിപ്പ് പദ്ധതി മുന്നോട്ട് വെക്കുന്നത്.
പദ്ധതി നടത്തിപ്പിനായി 175 എന്‍.ജി.ഒകളെ ഇംപ്ളിമെന്‍റിങ് ഏജന്‍സികളും 2075 സന്നദ്ധസംഘടനകളെ സപ്പോര്‍ട്ടിങ് ഏജന്‍സികളുമാക്കി. നാട്ടുകാരെ സമീപിക്കുന്നതും പണം വാങ്ങുന്നതും ഇംപ്ളിമെന്‍റിങ് ഏജന്‍സികള്‍. അതിന് ശേഷം ഉപകരണം വാങ്ങിത്തരുന്നകണ്‍സല്‍ട്ടിങ് ഏജന്‍സികളെന്ന പേരില്‍ മൂന്ന് കമ്പനികളെ പരിചയപ്പെടുത്തി. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ബീ വെഞ്ചേഴ്സ്, ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷന്‍, പ്രഫഷണല്‍ സര്‍വീസ് ഇന്നവേഷന്‍. ഇവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനായിരുന്നു ഇംപ്ളിമെന്‍റിങ് ഏജന്‍സികള്‍ക്കുള്ള നിര്‍ദേശം. ഈ മൂന്നും അനന്തുകൃഷ്ണന്‍റെ സ്വന്തം കമ്പനികള്‍.
അങ്ങനെയാണ് നാട്ടുകാരുടെ പണം അനന്തുകൃഷ്ണന്‍റെ കീശയിലെത്തിയത്. 19 അക്കൗണ്ടിലായി 450 കോടിയുടെ പണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 2 കോടി രൂപക്ക് സ്വന്തം പേരില്‍ ഭൂമി വാങ്ങി. സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്‍റെയും പേരില്‍ വേറെയും ഭൂമികള്‍. ഒട്ടേറെ കാറുകളും വാങ്ങിക്കൂട്ടി. ഈ ചെലവുകള്‍ക്ക് അപ്പുറം തട്ടിയെടുത്ത പണം എവിടെയെന്നാണ് ഇനി കണ്ടെത്തേണ്ടത്.