മുക്കത്തെ ഹോട്ടൽ സങ്കേതത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ സങ്കേതം ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്ത് നിന്ന് പിടിയിലായ പ്രതിയെ മുക്കം സ്റ്റേഷനിലെത്തിച്ചു. താമരശേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കും. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണതിനുശേഷവും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അതിക്രമത്തിനിരയായ പെൺകുട്ടി മൊഴിനല്‍കി.
അതേസമയം, കെട്ടിടത്തിൽ നിന്ന് താഴെ വീണതിനുശേഷവും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മുക്കത്ത് അതിക്രമത്തിനിരയായ പെൺകുട്ടി. പരുക്കേറ്റ് എഴുന്നേല്‍ക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുമ്പോൾ വീടിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു.
ഹോട്ടലുടമ ദേവദാസിന്റെ സഹായി റിയാസ് ആണ് വീടിനകത്തേക്ക് വലിച്ചിഴച്ചത്. എന്നാൽ ഉച്ചത്തിൽ ബഹളം വച്ചതിനാൽ നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നും യുവതി മൊഴിനല്‍കി. യുവതിയുടെ രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.