mukkam-abuse-digital-evidence

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുത്ത യുവതി ഹോട്ടലി‍ല്‍നിന്ന് ചാടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. യുവതിയെ ഹോട്ടലുടമ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതി നിലവിളിക്കുന്നതും യുവതിയോട് ഒച്ചയുണ്ടാക്കരുത് എന്നുപറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. യുവതി വിഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന ഫോണിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുടുംബം പറയുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവർ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം മുക്കം പൊലീസ് ഊർജിതമാക്കി.

അതേസമയം, കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും മൊഴി രേഖപ്പെടുത്തുക. നട്ടെല്ലിനും ഇടുപ്പെലിനും പരുക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ചയാണ് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചെത്തി ഹോട്ടൽ ഉടമ അടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയോട് ഹോട്ടലുടമ നേരത്തെയും മോശമായി പെരുമാറിയിരുന്നുവെന്നും പ്രാണരക്ഷാര്‍ഥമാണ് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നും  ബന്ധു മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. ആദ്യം മോശമായ സന്ദേശങ്ങള്‍ അയച്ചു. പിന്നീടത് ഭീഷണി സന്ദേശങ്ങളായെന്നും ബന്ധു പറഞ്ഞു.

ENGLISH SUMMARY:

New footage from Mukkam, Kozhikode reveals a hotel owner's attempted harassment of a young woman, forcing her to jump from the hotel. Digital evidence captured on her phone has sparked a police investigation, with key suspects still at large.