കോഴിക്കോട് മാവൂരില്‍ മകളെ സ്കൂട്ടറിന് പിന്നില്‍ തിരിച്ചിരുത്തി വാഹനം ഓടിച്ച പിതാവിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മാവൂര്‍ സ്വദേശി ഷഫീഖിന്‍റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്ത മാവൂര്‍ പൊലീസ് ഷഫീഖിന് അഞ്ചുദിവസത്തെ നിര്‍ബന്ധിത ബോധവല്‍ക്കരണ ക്ലാസും നിര്‍ദേശിച്ചു
കണ്ടാല്‍ ആര്‍ക്കും പേടി തോന്നും. തെങ്ങിലക്കടവിലെ തിരക്കേറിയ റോഡില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് മകളെ സ്കൂട്ടറിന് പിന്നില്‍ തിരിച്ചിരുത്തിയുള്ള പിതാവിന്റ അഭ്യാസം.
ഒന്ന് ബ്രേക്ക് പിടിച്ചാല്‍ അപകടം സംഭവിക്കാമെന്നിരിക്കെ, ഇതൊന്നും ശ്രദ്ധിക്കാതെ മൊബൈലില്‍ കാഴ്ച കാണുകയാണ് കുട്ടി. രണ്ടുപേര്‍ക്കും ഹെല്‍മറ്റുമില്ല. പിന്നാലെ വന്ന യാത്രക്കാരാണ് ദൃശ്യങ്ങളെടുത്തത്. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാവൂര്‍ പൊലീസ് കേസെടുത്തു. ദൃശ്യങ്ങളില്‍ വാഹനത്തിന്റ നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണാന്‍ പറ്റുന്നതിനാല്‍ ഉടമയെ കണ്ടെത്താനും പ്രയാസമുണ്ടായില്ല. പൊലീസ് കേസെടുത്തതിനും പിഴ ഈടാക്കിയതിനും പുറമെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ മോട്ടോര്‍വാഹന വകുപ്പും തുടങ്ങിയിട്ടുണ്ട്.