സിഎസ്ആര്‍ ഫണ്ടിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്ദു കൃഷ്ണനെതിരെ കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്യും. ഇടുക്കിയിൽ മാത്രം നൂറോളം പേർക്ക് പണം നഷ്ടമായെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. തനിക്കെതിരെ ഇനി ആരും പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് അനന്ദു കൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അയച്ച ഓഡിയോ സന്ദേശവും പുറത്തുവന്നു.
സിഎസ്ആര്‍ ഫണ്ടിന്‍റെ വരവിൽ തടസ്സം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഓഡിയോ സന്ദേശത്തിലെ അനന്ദുവിന്‍റെ വിശദീകരണം. കുറച്ചുകാലത്തിനുശേഷം എല്ലാവരുടെയും പണം തിരികെ നല്‍കുമെന്നും അതുവരെ ആരും പരാതി നൽകരുതെന്നും അനന്ദു ആവശ്യപ്പെടുന്നു.
പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്‌കൂട്ടറും, ലാപ്ടോപ്പും, തയ്യൽ മെഷിനുകളും നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തുടനീളം പരാതികളുണ്ട്. മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപയാണ്. 40,000 മുതൽ 60,000 രൂപ വരെയാണ് ഓരോരുത്തർക്കും നഷ്ടമായത്.
കടലാസ് കമ്പനികളുടെ മറവിലെടുത്ത അക്കൗണ്ടിലൂടെയായിരുന്നു ഇടപാടുകൾ. 30 കോടിയിൽ അധികം രൂപ വിവിധ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാളുടെ സഹായികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകും. 2019 ൽ ഇടുക്കിയിലെ തട്ടിപ്പ്കേസിലും അനന്ദു കൃഷ്ണൻ പിടിയിലായിട്ടുണ്ട്.