കര്‍ണാടകയില്‍ ട്രക്ക് ഡ്രൈവറെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് അടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ബൈക്ക് യാത്രാസംഘം. വ്യാഴാഴ്ച രാത്രി നെലമംഗലയ്ക്ക് സമീപമുള്ള ബൂഡിഹാൾ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തമിഴ്‌നാട് സ്വദേശിയായ 24 കാരന്‍ സർബുദ്ദീനാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... കൊല്ലപ്പെട്ട സർബുദ്ദീനും കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ ഭൂപതിയും ചേർന്ന് ഡൽഹിയിൽ നിന്ന് ഇലക്‌ട്രോണിക് സാധനങ്ങളുമായി നെലമംഗലയ്ക്ക് സമീപമുള്ള ഗോഡൗണിലേക്ക് വരികയായിരുന്നു. വഴിമധ്യേ ഇരുവരും ബൂദിഹാളിന് സമീപം ട്രക്ക് നിർത്തി ഹൈവേയിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇരുവരും മദ്യപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തിരികെ വാഹനത്തിലെത്തുകയും സർബുദ്ദീൻ ട്രക്ക് ഓടിക്കാൻ തുടങ്ങുകയും ചെയ്തു.
പ്രധാനപാതയിലേക്ക് കയറിയതോടെ വണ്ടിയോടിക്കുന്നതിനെ ചൊല്ലി ഒരു സംഘം ബൈക്ക് യാത്രികാര്‍ സർബുദ്ദീനുമായി വഴക്കുണ്ടാക്കി. ചെറിയ തർക്കത്തില്‍ തുടങ്ങിയത് സർബുദ്ദീൻ ട്രക്കിൽ നിന്ന് ഇറങ്ങിയതോടെ അക്രമാസക്തമായി. തുടര്‍ന്ന് ബൈക്ക് യാത്രികർ സർബുദ്ദീനെ തട്ടിക്കൊണ്ടുപോകുകയും ഒരു കിലോമീറ്റര്‍ അകലെ റോഡിൽ വച്ച് മർദിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ട്രക്കിന്‍റെ അടിയിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു.
സംഘത്തെ പിന്തുടര്‍ന്നെത്തിയ ഭൂപതിയാണ് സർബുദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂപതി തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നെലമംഗല ഡിവൈഎസ്പി ജഗദീഷിന്‍റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.