ഒരു 'ഹായി'ല്‍ തുടങ്ങിയ പരിചയം പിന്നീട് അടുപ്പത്തിലേക്ക്. പ്രണയം അതിരുകളില്ലാതെ പാറിപ്പറന്ന ഒരു വര്‍ഷം. അതിനിടയില്‍ പതിയെ അവനെ അവള്‍ മനസിലാക്കി തുടങ്ങി. തലയോലപ്പറമ്പ് സ്വദേശി അനൂപ് എന്ന തന്‍റെ പ്രണയപങ്കാളിയെ. ലഹരിയില്‍ മുഴുകി ജീവിക്കുകയായിരുന്നു അനൂപ്. പക്ഷേ അതിനിടയില്‍ തന്നെ പെണ്‍കുട്ടിക്കും അനൂപ് ലഹരി കൈമാറി അടിമയാക്കി കഴിഞ്ഞിരുന്നു. പിന്നീട് ലഹരിക്കുവേണ്ടി അവള്‍ അവനെ തേടിയും അലഞ്ഞു നടന്നു. അതെല്ലാം മുതലെടുത്തായിരുന്നു അനൂപിന്‍റെ പിന്നീടുള്ള സ്വഭാവവും പ്രണയവും. അവന്‍റെ യഥാര്‍ഥ സ്വഭാവവും അവന്‍ പുറത്തെടുത്തു തുടങ്ങി. ചോറ്റാനിക്കരയിലെ വീട്ടില്‍ അവന്‍ സ്ഥിരമായി എത്തിക്കൊണ്ടിരുന്നു. അവളുടെ അമ്മയുടെ എതിര്‍പ്പിനെ മറികടന്ന് അവര്‍ വീട്ടില്‍ പ്രണയദിനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് അമ്മ പ്രതികരിച്ചത്. പക്ഷേ അമ്മയെ കൊലപ്പെടുത്താനും മടിക്കില്ലെന്ന ഭീഷണി അനൂപ് മുഴക്കിയതോടെ ജീവനും കൊണ്ട് അമ്മ വീടുവിട്ടു താമസം മാറ്റി. അപ്പോള്‍ ആ പത്തൊമ്പതുകാരി തനിച്ച് അവിടെ താമസിച്ചു.
പത്തൊമ്പതുകാരിയുടെ സൗഹൃദ വലയങ്ങള്‍
രാത്രി, പകല്‍ വ്യത്യാസങ്ങളില്ലാതെ പലസുഹൃത്തുക്കളും വീട്ടിലെത്തി ആര്‍ത്തുല്ലസിച്ചു. അനൂപും വീട്ടില്‍ സ്ഥിരമായി വന്നുപോയി. അതോടെ അയല്‍വാസികളുടെ സ്വസ്ഥത നശിച്ചു. പരാതിയുമായി എത്തിയ അയല്‍വാസികളെ ലഹരി നുകരാനെത്തിയവരെല്ലാം ഭീഷണിപ്പെടുത്തി ഒതുക്കി. സുഹൃത്തുക്കളുടെ വരവിനെ ചൊല്ലിയായി അനൂപും പെണ്‍കുട്ടിയും തമ്മിലുള്ള വഴക്ക്. ആണ്‍സൗഹൃദങ്ങളുടെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം അനൂപ് മര്‍ദിച്ചു. പക്ഷേ അനൂപില്‍ നിന്ന് അകലാന്‍ ആഗ്രഹിച്ച അവള്‍ അവളുടെ മറ്റുസൗഹൃദങ്ങളെ തള്ളിപ്പറഞ്ഞില്ല. അനൂപ് കൂടുതല്‍ അക്രമകാരിയായി. മര്‍ദനവും പീഡനവും തുടര്‍ന്നു.
25.1.2025 ശനിയാഴ്ച
അന്നും പതിവുപോലെ രാത്രി പത്തുമണിയോടെ അനൂപ് എത്തി. ഒരു സുഹൃത്തായിരുന്നു ബൈക്കില്‍ ഡ്രോപ്പ് ചെയ്തത്. അനൂപിന്‍റെ പതിവുസന്ദര്‍ശനം അറിയാവുന്ന സുഹൃത്ത് തന്നെ. വീട്ടിലെത്തിയ അനൂപ് അന്നും പെണ്‍കുട്ടിയുമായി തര്‍ക്കം തുടങ്ങി. മര്‍ദനം ആരംഭിച്ചു. പക്ഷേ അവള്‍ എല്ലാം എതിര്‍ത്തു നിന്നു. ഫോണ്‍ വലിച്ചെറിഞ്ഞു. ആണ്‍സുഹൃത്തുക്കളുടെ സന്ദര്‍ശനം അവസാനിപ്പിക്കുമെന്ന് അവനും കഴിയില്ലെന്നും അവളും ശഠിച്ചു. ക്രൂരമായി പീഡനത്തിന് ആ രാത്രി അവള്‍ വിധേയമായി. ഇടയ്ക്കിെട അനൂപ് ലഹരിയുടെ വീര്യം കൂട്ടിക്കൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ അവള്‍ അവന്‍റെ കണ്ണുവെട്ടിച്ച് ബെഡ് റൂമില്‍ കയറി ഷാളില്‍ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചു. ശബ്ദം കേട്ടെത്തിയ അനൂപ് കത്തികൊണ്ട് ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിട്ടു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായി പിന്നീടുള്ള ശ്രമം. ഇടയ്ക്ക് ലൈംഗികബന്ധത്തിനും നിര്‍ബന്ധിച്ചു. അര്‍ധരാത്രി കഴിയുമ്പോഴും അനൂപ് അവളെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. കയ്യില്‍ കിട്ടിയതെല്ലാം അനൂപിന് ആയുധമായി. പുലര്‍ച്ചയോടെ അനൂപ് വീണ്ടും ഉണര്‍ന്ന് പെണ്‍കുട്ടിക്ക് അരികിലെത്തി പരിശോധിച്ചു. മരണം ഉറപ്പിക്കാന്‍ പിന്നീടും മര്‍ദനം. ജീവഛവമായി കിടന്ന പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ ഉപേക്ഷിച്ച് രാവിലെയോടെ വീടിന്‍റെ പിന്‍വശത്തെ മതില്‍ചാടി കടന്ന് അവന്‍ മടങ്ങി. അപ്പോഴും കൊണ്ടുപോകാന്‍ മറ്റൊരു സുഹൃത്തെത്തി.
മരണത്തോട് മല്ലിട്ട് പതിനേഴ് മണിക്കൂര്‍!
വീട്ടിനുള്ളില്‍ ആരുമില്ലായിരുന്നു. രാവിലേയും ആരും വന്നില്ല. ഫോണ്‍ വിളിച്ചവര്‍ക്ക് മറുപടിയും കിട്ടിയില്ല. ഉച്ചതിരിഞ്ഞ് വീട്ടിലെത്തിയ ബന്ധുവായ സ്ത്രീവിളിച്ചിട്ടും പ്രതികരണമില്ല. ലൈറ്റ് കത്തിക്കിടക്കുന്നു. എന്തോ അസ്വഭാവികത മണത്ത അവര്‍ ജനലിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോള്‍ അര്‍ധനഗ്നാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടി. അയല്‍വാസികള്‍ അറിയിച്ചതോടെ ആംബുലന്‍സും പൊലീസും എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴും അവള്‍ക്ക് ജീവന്‍റെ തുടിപ്പുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍മാര്‍ നിസഹായത തുറന്നുപറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ അവരുടെ ശ്രമങ്ങളും വിഫലമാക്കി ആറാം ദിവസം അവള്‍ മരണത്തിന് കീഴടങ്ങി.
അനൂപ് എന്ന കൊടുംക്രിമിനല്‍!
അന്ന് രാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍കയറി ആക്രമിച്ചത് തലയോലപ്പറമ്പുകാരനായ അനൂപാണ് എന്നത് കണ്ടുപിടിക്കാന്‍ പൊലീസിന് കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. ഫോണുകളും സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളും വിവരങ്ങള്‍ കൈമാറി. അന്ന് രാത്രിയും പെണ്‍കുട്ടിയുടെ വീട്ടിനു പരിസരത്ത് അനൂപ് എത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. വീട്ടിനുള്ളില്‍ വെളിച്ചം! അപ്പോള്‍ പെണ്‍കുട്ടിക്ക് കാര്യമായൊന്നും സംഭവിച്ചിട്ടില്ല. തന്‍റെ ആക്രമണക്രൂരത ആര്‍ക്കും മനസിലായിട്ടില്ല. ധൈര്യത്തോടെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയ അനൂപിനെ പക്ഷേ അയല്‍വാസികള്‍ തന്നെ ഒറ്റി. കാരണം സ്ഥിരം ശല്യക്കാരനായ അവനെക്കൊണ്ട് ആ നാട് ഒന്നാകെ പൊറുതിമുട്ടിയിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോഴേക്കും തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചിരുന്നുവെന്ന് അനൂപ് അധികം വൈകാതെ തിരിച്ചറിഞ്ഞു. അപ്പോഴും ആ പെണ്‍കുട്ടിയുടെ പേരുപറഞ്ഞുതുടങ്ങുമ്പോഴേക്കും അവന്‍റെ ദേഷ്യം മറനീക്കി പുറത്തുവന്നിരുന്നു.
‘മരിച്ചു എന്നുകരുതിയാണ് സാറേ പോയത്; ജീവനുണ്ടെന്ന് അറിഞ്ഞില്ല!’
ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയോടുള്ള അനൂപിന്‍റെ ദേഷ്യം പൊലീസ് തിരിച്ചറിഞ്ഞു. മറ്റ് ആണ്‍കുട്ടികളോടുള്ള അവളുടെ സൗഹൃദങ്ങള്‍. തന്നെ പറ്റിച്ച് അവരെ വീട്ടിലേക്ക് ക്ഷണിച്ച് അവള്‍ നടത്തിയ നീക്കങ്ങള്‍. തന്‍റെ പ്രണയത്തില്‍ നിന്ന് വഴുതിപ്പോകാനുളള അവളുടെ ശ്രമങ്ങള്‍. ‘അതെ സാറെ കൊല്ലാന്‍ തന്നെയാണ് വന്നത്. ഇഞ്ചിഞ്ചായി കൊല്ലാന്‍!’ ആ ചെറുപ്പക്കാരന്‍റെ മൊഴികേട്ട് പൊലീസ് പോലും ഭയന്നു. ഒരു കുറ്റബോധവുമില്ലാതെ അവന്‍ പറഞ്ഞുകൊണ്ടിരുന്നു. മരിച്ചെന്ന് കരുതിയാണ് രാവിലെ മടങ്ങിയത്. അവള്‍ക്ക് ജീവനുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നേ ഞാന്‍ അവസാനിപ്പിക്കുമായിരുന്നു. ആ രാത്രിയില്‍ അവന്‍ അവളോട് നടത്തിയ ക്രൂരതയുടെ ഓരോ കഥകളും അവന്‍ പറഞ്ഞുകൊടുത്തു. വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ഒരു വീരകൃത്യം ചെയ്ത രീതിയില്‍ പൊലീസിന് വിവരിച്ചു കൊടുത്തു. അപ്പോഴും അവന് കുറ്റബോധത്തിന്‍റെ നേരിയ ലാഞ്‍ജന പോലും ഇല്ലായിരുന്നു. അവനറിയാം നിയമത്തിന്‍റെ ഏതെങ്കിലും പഴുതിലൂടെ വേഗത്തില്‍ പുറത്തുകിടക്കാന്‍ കഴിയുമെന്നും അടുത്ത ഇരയെ തേടിപ്പിടിക്കാന്‍ വേഗത്തില്‍ കഴിയുമെന്നും.