അടിമുടി ദുരൂഹതകള്‍ നിറയുകയാണ് ബാലരാമപുരത്തെ ദേവേന്ദുവിന്‍റെ കൊലപാതകത്തില്‍. സംഭവം നടന്നിട്ട് രണ്ടാം ദിവസമാകുന്നു. മണിക്കൂറുകള്‍ക്കകം പ്രതിയാരാണ് എന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ എന്താണ് ആ ക്രൂര കൊലയ്ക്ക് കാരണം എന്നുമാത്രം പൊലീസ് പറയുന്നില്ല. കുഞ്ഞിന്‍റെ അമ്മാവനായ പ്രതി ഹരികുമാര്‍ പറയുന്ന കാരണം പുറത്തു പറയാന്‍ ബുദ്ധിമുട്ടാണ് എന്നുമാത്രം പൊലീസ് പറഞ്ഞുവയ്ക്കുന്നു. ALSO READ; ദേവേന്ദുവിനെ അവസാനമായി കാണാന്‍ അമ്മയെത്തിയില്ല; കുടുംബ വീട്ടിൽ അന്ത്യനിദ്ര
പ്രതിയുടെ മൊഴി പൂര്‍ണമായും വിശ്വസിക്കുന്നില്ല. സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. വീട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍, സാഹചര്യം തെളിവുകള്‍ തുടങ്ങി എല്ലാം പൊലീസ് പരിശോധിക്കുന്നു. ഇതിനിടെ അന്ധവിശ്വാസത്തിന്‍റെ ഭാഗമായിട്ടാണോ അരുംകൊല നടന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കരിക്കകം സ്വദേശിയായ ജോത്സ്യനെ പൊലീസ് ചോദ്യംചെയ്യുകയാണ്. ALSO READ; ‘ദേവേന്ദുവിനു വേണ്ടി തയ്ച്ചതാണ്, പക്ഷേ...; എന്തിനാണ് ആ കുഞ്ഞിനോട് ഈ ക്രൂരത?’
ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവിന്‍റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ശ്രീതു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സാമ്പത്തികമായി ഇയാള്‍ തന്നെ വഞ്ചിച്ചുവെന്നാണ് ശ്രീതു മൊഴി നല്‍കിയത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ എന്നാണ് വിവരം. പിന്നീട് കാഥികൻ എസ്.പി കുമാറായി. അതിലും വിജയിക്കാത്തതിനെ തുടര്‍ന്ന് പലചരക്ക് കടനടത്തി. ഇടക്കാലത്ത് മുട്ടക്കച്ചവടക്കാരനുമായി. ഒടുവിലാണ് ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്.
ഇയാള്‍ക്കൊപ്പം മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. മുന്‍പ് ശ്രീതു അമ്മ തല മുണ്ഡനം ചെയ്തിരുന്നു. ഇത് എന്തെങ്കിലും വിശ്വാസത്തിന്‍റെ ഭാഗമായിരുന്നോ എന്നതിലും വ്യക്തത വരാനുണ്ട്. ഹരികുമാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നുവെന്നും പൂണൂല്‍ ധരിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും രംഗത്തെത്തി. ശ്രീതു താന്‍ പറയുന്നതൊന്നും കേള്‍ക്കാറില്ലായിരുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത്.
നിലവില്‍ കേസിലെ പല കാര്യങ്ങളിലും വ്യക്തതകള്‍ വരാനുണ്ട്. അമ്മയോട് വൈരാഗ്യം തോന്നിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെങ്കില്‍, ആ വൈരാഗ്യം എന്തിന്‍റെ പേരില്‍? കുടുംബത്തില്‍ ഇത്രയധികം കടബാധ്യതയുണ്ടാകാന്‍ കാരണമെന്താണ്? തുടങ്ങി ചോദ്യങ്ങളുടെ നിര നീളുകയാണ്.