യാത്രാ ബസ് വടിവാളുമായി ആക്രമിച്ച ഗുണ്ടയെ വെടിവച്ചു വീഴ്ത്തി പിടികൂടി. ബെംഗളൂരു- മൈസുരു ദേശീയപാതയിൽ ദേവരായപട്ടണത്ത് കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെയാണ് ഹാസന്‍ പൊലീസ് വെടിവച്ചിട്ടത്. കസ്റ്റഡിയിലെടുത്തു വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ ആക്രമിച്ചതോടെയാണു വെടിവെയ്പ്പുണ്ടായത്. 

ഹാസന്‍ ദേവരായണപട്ടണം ബൈപ്പാസില്‍ കഴിഞ്ഞദിവസമാണ് ആക്രമണമുണ്ടായത്. ബെംഗളുരുവില്‍ നിന്ന് നിറയെ ആളുകളുമായി മംഗളുരുവിലേക്കു പോയ ബസ്, കാറിനെ മറികടന്നതായിരുന്നു പ്രകോപനം. ദേശീയപാതയിൽ പലയിടത്തായി കാർ ബസിനു തടസ്സം സൃഷ്ടിച്ചു സഞ്ചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണു പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

ഹാസന്‍ സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ മനുവിനെ ബെംഗളുരുവിലെ ഒളിയിടത്തില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാസനിലേക്കു കൊണ്ടുവരുന്നതിനിടെ മനു പൊലീസിനെ ആക്രമിച്ചു. മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. തുടര്‍ന്നാണു വെടിവയ്പ്പുണ്ടായത്. വെടിവെച്ചു വീഴ്ത്തിയ ഇയാളെ പൊലീസ് തന്നെ ഹാസന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:

Hassan police shot and arrested a goonda who attacked a travel bus with a machete on the Bengaluru-Mysuru highway. The suspect was subdued after attempting to assault the officers.