പ്രതി ഹരികുമാര്‍, കൊല്ലപ്പെട്ട ദേവേന്ദു, റൂറൽ എസ്.പി കെ.എസ് സുദർശൻ.
ദുരൂഹതകളില്‍ നിന്ന് കൂടുതല്‍ ദുരൂഹതകളിലേക്കാണ് ബാലരാമപുരത്തെ കുരുന്നിന്‍റെ കൊലപാതകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ദേവേന്ദു എന്ന കുഞ്ഞുമകള്‍ അമ്മാവന്‍റെ കൈകളാല്‍ കൊല്ലപ്പെട്ടു എന്നു മാത്രമാണ് പുറത്തെത്തുന്ന വിവരം. എന്നാല്‍ പ്രതി എന്തിന് ഈ ക്രൂരകൃത്യം ചെയ്തുവെന്നോ, കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്‍റെ അമ്മാവനായ പ്രതി ഹരികുമാര്‍ പൊലീസിനോട് പറഞ്ഞ കാരണം പുറത്തു പറയാന്‍ ബുദ്ധിമുട്ടാണ് എന്നാണ് റൂറൽ എസ്.പി കെ.എസ് സുദർശൻ മാധ്യമങ്ങളോട് പറഞ്ഞത്. ALSO READ; ശംഖുമുഖം ദേവീദാസന്‍ പറഞ്ഞതെന്ത്?; ദേവേന്ദുവിനെ കിണറ്റിലെറിയാന്‍ കാരണം മന്ത്രവാദം?
ഹരികുമാറിന്‍റെ മൊഴി പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നും ദേവേന്ദുവിന്‍റെ അമ്മ ശ്രീതു ഇപ്പോഴും സംശയനിഴലില്‍ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി. വീട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍, വാട്സപ്പ് സന്ദേശങ്ങള്‍, സാഹചര്യ തെളിവുകള്‍ തുടങ്ങി എല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. അമ്മയോടുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്ന് പ്രതി പറഞ്ഞിരുന്നു. എന്നാല്‍ ആ വൈരാഗ്യം എന്തിന്‍റെ പേരിലുണ്ടായി എന്ന ചോദ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രതി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ ബുദ്ധിമുട്ടാണ് എന്ന് എസ്.പി വ്യക്തമാക്കിയത്.
ഇതിനിടെ ശ്രീതുവിനെതിരെ ഭര്‍ത്താവ് ശ്രീജിത്ത് പൊലീസില്‍ മൊഴി നല്‍കി. ദേവേന്ദുവിന്‍റെ മരണത്തില്‍ ശ്രീതുവിന്‍റെ പങ്ക് കണ്ടെത്തണമെന്ന ആവശ്യമാണ് ശ്രീജിത്ത് ഉന്നയിച്ചിരിക്കുന്നത്. താന്‍ പറയുന്നത് ശ്രീതു അനുസരിക്കാറില്ലെന്നും ശ്രീജിത്തും മരുമകളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് ഭര്‍തൃപിതാവും പൊലീസില്‍ മൊഴി നല്‍കി.