പൊള്ളും വിലയായതോടെ തക്കാളി കയറ്റിയ ലോറി കാറ് കുറുകെയിട്ടു തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റില്‍. കഴിഞ്ഞ എട്ടിനു ബെംഗളുരു വിമാനത്താവളത്തിന് സമീപത്താണ് ലോറി തടഞ്ഞുനിര്‍ത്തി കര്‍ഷകനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം ലോറിയും രണ്ടര ലക്ഷം രൂപയുടെ തക്കാളിയും ദമ്പതികളുടെ നേതൃത്വത്തിലുള്ള കൊള്ള സംഘം തട്ടിയെടുത്തത്. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ സഹായികളെ പിടികൂടാനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ജൂലൈ 8 ന് രാവിലെ ചിത്രദുര്‍ഗയിലെ ഹിരിയൂരില്‍ നിന്ന് വിളവെടുത്ത രണ്ടര ടണ്‍ തക്കാളിയുമായി കോലാറിലെ മണ്ടി മാര്‍ക്കറ്റിലേക്കു പോവുകയായിരുന്നു കര്‍ഷകനായ മല്ലേഷ്. ബെംഗളുരു ചിക്കജാലെ റോഡില്‍ വച്ചു കാറിലെത്തിയ സംഘം വാഹനം തടഞ്ഞു. തക്കാളി കയറ്റിയ മിനി ലോറി കാറില്‍ ഉരസിയെന്നും നഷ്ടപരിഹാരം വേണന്നുമായിരുന്നു ആവശ്യം. എന്നാല്‍ അപകടമുണ്ടായില്ലെന്ന് മല്ലേഷ് ഉറപ്പിച്ചു പറഞ്ഞു.ഇതോടെ കാറില്‍ നിന്നിറങ്ങിയ സംഘം മല്ലേഷിനെ വാഹനത്തില്‍ പിടിച്ചിറക്കി മര്‍ദ്ദിച്ചു. താക്കേോല്‍ കൈക്കലാക്കിയ സംഘം ലോറിയുമായി രക്ഷപ്പെടുകയും ചെയ്തു.രണ്ട ലക്ഷം രൂപ വിലവരുന്ന രണ്ടര ടണ്‍ തക്കാളിയാണു ലോറിയിലുണ്ടായിരുന്നത്. സംഭവം വന്‍ശ്രദ്ധ നേടിയതിനു പിറകെ പീനിയ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണു ദമ്പതികളേക്ക് എത്തിയത്.
തമിഴ്നാട് സ്വദേശികളായ ഭാസ്കര്‍ , സിദ്ധുജ എന്നിവരാണ് അറസ്റ്റിലായത്. തട്ടിയെടുത്ത ലോറിയുമായി സംഘം നേരെ ചെന്നൈയിലേക്കാണു പോയത്. കോയമ്പേട് മാര്‍ക്കറ്റില്‍ തക്കാളി വിറ്റൊഴിച്ചതിനുശേഷം പലവഴിക്കായി പിരിഞ്ഞുവെന്നാണ് അറസ്റ്റിലായവരുടെ മൊഴി. സംഘത്തില്‍പെട്ട മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദേശീയപാതകള്‍ കേന്ദ്രീകരിച്ചു കൊള്ള നടത്തുന്ന വന്‍ സംഘത്തില്‍പെട്ടവരാണു പിടിയിലായതെന്നും പൊലീസ് സ്ഥിരീകരിച്ചു.