എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
അടുക്കളയിലിരിക്കുന്ന ഉരുളക്കിഴങ്ങ് യഥാര്‍ഥത്തില്‍ എവിടെനിന്നു വന്നതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഉരുളക്കിഴങ്ങ് വന്നവഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 9 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തക്കാളിയുടെ പൂര്‍വ്വികരില്‍ നിന്നാണത്രേ നമ്മള്‍ ഇന്നു കാണുന്ന ഉരുളക്കിഴങ്ങുണ്ടായത്. സെല്‍ ഡോട്ട് കോമിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആൻഡീസിൽ വളർന്ന കാട്ടു തക്കാളി, എറ്റുബെറോസം എന്ന സസ്യവുമായി സങ്കരിച്ച്, ഹൈബ്രിഡൈസേഷൻ എന്ന പ്രക്രിയയിലൂടെയാണ് പുതിയൊരു വംശപരമ്പര തന്നെ രൂപപ്പെട്ടതെന്നാണ് ലാൻഡ്മാർക്ക് ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. തക്കാളി അമ്മയും എറ്റുബെറോസം പിതാവുമാണെന്നാണ് ഗവേഷണ സംഘത്തെ നയിച്ച ചൈനയിലെ ഷെൻഷെനിലുള്ള അഗ്രികൾച്ചറൽ ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ സാൻവെൻ ഹുവാങ് പറയുന്നത്.
ഉരുളക്കിഴങ്ങ് ചെടികളും എറ്റുബെറോസമും കാഴ്ചയില്‍ സമാനതയുള്ളവളാണ്. എന്നാല്‍ എറ്റുബെറോസത്തിന് മണ്ണിനടിയിലേക്ക് നീളുന്ന നേർത്ത തണ്ടുകൾ ഉണ്ട്. പക്ഷേ ഉരുളക്കിഴങ്ങില്‍ ഇവയില്ല. തുടര്‍ന്നാണ് ശാസ്ത്രജ്ഞർ തക്കാളിയിലേക്ക് തിരിയുന്നത്. കിഴങ്ങുകളില്ലെങ്കിലും തക്കാളിക്കും ഉരുളക്കിഴക്കിനും സമാനമായ ജനിതക പ്രൊഫൈൽ ഉണ്ട്. വഴുതന അടങ്ങിയ ഒരേ സസ്യകുടുംബത്തിൽ പെടുന്നവയാണ്. തക്കാളി, ഉരുളക്കിഴങ്ങ്, എറ്റുബെറോസം എന്നിവ ജനിതകപരമായി ഏറ്റവും അടുത്തുള്ളവയുമാണ്.
കൃഷി ചെയ്ത ഉരുളക്കിഴങ്ങിൽ നിന്നുള്ള 450 ജീനോമുകളും കാട്ടു ഉരുളക്കിഴങ്ങിൽ നിന്നുള്ള 56 ജീനോമുകളുമാണ് സംഘം വിശകലനം ചെയ്തത്. ഇതില്‍നിന്നും കിഴങ്ങുവർഗ്ഗങ്ങൾ നിർമ്മിക്കുന്നതിനായി രണ്ട് ജീനുകൾ നിർണായകമാണെന്ന് സംഘം കണ്ടെത്തി. തക്കാളിയിൽ കാണപ്പെടുന്ന SP6A, എറ്റുബെറോസത്തിൽ കാണപ്പെടുന്ന IT1 എന്നിവ. ഉരുളക്കിഴങ്ങ് ചെടിയില്‍ ഇവ രണ്ടും കൂടിച്ചേരുകയും ഉരുളക്കിഴങ്ങ് ഉണ്ടാകുന്ന പ്രക്രിയയ്ക്ക് കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ ജീനുകളുടെ മിശ്രിതം പാരമ്പര്യമായി കൈമാറപ്പെടുകയുമായിരുന്നു.
വേരുകളില്‍ കിഴങ്ങുകളായി അന്നജം സംഭരിക്കുക മാത്രമല്ല ഇത് ഉരുളക്കിഴങ്ങ് ചെടികളെ കരുത്തുറ്റതും പ്രതിരോധശേഷിയുള്ളതുമായ സസ്യമാക്കി മാറ്റുകയും ചെയ്തു. ശൈത്യകാലത്തെയും വരൾച്ചയെയും ഇവ അതിജീവിക്കാന്‍ തുടങ്ങി. വിത്തുകളുടെയോ പരാഗണകാരികളുടെയോ ആവശ്യമില്ലാതെ തന്നെ കിഴങ്ങുകളിൽ മുളയ്ക്കുന്ന മുകുളങ്ങളിൽ നിന്ന് പുതിയ സസ്യങ്ങള്‍ വളരാന്‍ ആരംഭിച്ചു. ആൻഡീസിലെ കാലാവസ്ഥയോട് പൊരുത്തപ്പെട്ട ഇവ വന്‍തോതില്‍ വ്യാപിക്കുകയും, ഭക്ഷ്യയോഗ്യമായ ഇവയെ മനുഷ്യര്‍ വളര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു.
ആൻഡീസിലെ തദ്ദേശീയരെ സംബന്ധിച്ചിടത്തോളം നൂറുകണക്കിന് ഇനം ഉരുളക്കിഴങ്ങുകളെ അവര്‍ വളര്‍ത്തുന്നതായി ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ സസ്യശാസ്ത്രജ്ഞ ഡോ. സാന്ദ്ര നാപ്പ് പറഞ്ഞു. പതിനാറാം നൂറ്റാണ്ടിൽ ആൻഡീസിൽ നിന്ന് സ്പാനിഷ് കപ്പലുകളിലൂടെയാണ് യൂറോപ്പിലും ലോകമെമ്പാടും ഇന്നത്തെ ഉരുളക്കിഴങ്ങ് എത്തുന്നത്. പോഷകമൂല്യം കാരണം ലോകം അതിനെ സ്വീകരിക്കുകയും ചെയ്തു. തീന്‍മേശയിലെ പ്രധാനവിഭവമായി ഉരുളക്കിഴങ്ങ് മാറുകയും ചെയ്തു.