
ഭർത്താവിനെ കെട്ടിയിട്ട് അഞ്ചുപേർ ചേർന്ന് ഗർഭിണിയായ സ്ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പാകിസ്ഥാനിലാണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിലാണ് ഗർഭിണി ക്രൂര പീഡനത്തിന് ഇരയായത്.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയുടെ ഭർത്താവിനെ അടിച്ചവശനാക്കി കെട്ടിയിടുകയായിരുന്നു. ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായ യുവതി സംഭവത്തിനു ശേഷം സ്വയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവതിയുടെ രക്ത സാമ്പിളുകളടക്കം ലാഹോറിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചു.
പാകിസ്ഥാനിൽ ഇത്തരത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ മാസം കറാച്ചിയിൽ ഓടുന്ന ട്രെയിനിൽ ഇരുപത്തിയഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പുറത്തുവിടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
പഞ്ചാബ് ഇൻഫർമേഷൻ കമ്മീഷൻ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടെ 2,439 സ്ത്രീകൾ ലൈംഗിയ പീഡനത്തിന് ഇരയായതായാണ് വിവരം. ഇതിൽ 90 സ്ത്രീകൾ കുടുംബമഹിമയുടെ പേരിൽ കൊലചെയ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷനിൽ നിന്നു ലഭിക്കുന്ന വിവരപ്രകാരം ഒരു ദിവസം രാജ്യത്ത് 11 പീഡനക്കേസുകൾ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ആറു വർഷത്തെ കണക്കെടുത്താല്‍ 22,000ത്തിൽപ്പരം സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതായാണ് കണക്ക്.
2021ലെ ഗ്ലോബൽ ജെൻഡർ ഗാപ്പ് റിപ്പോർട്ടിൽ 156 രാജ്യങ്ങളുടെ പട്ടികയിൽ 153–ാം സ്ഥാനത്താണ് പാകിസ്ഥാന്റെ സ്ഥാനം. ഇവയെല്ലാം കൂട്ടിവായിക്കപ്പെടുമ്പോൾ സ്ത്രീകളുടെ അവകാശലംഘനത്തിന്റെ നേർക്കാഴ്ചയാണ് പാകിസ്ഥാനിൽ കാണാനാകുന്നത്.