
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം അഞ്ച് പ്രതികളും അറസ്റ്റിൽ. രണ്ട് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവര്‍ണര്‍ നിർദേശം നൽകി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പൊലീസ് എല്ലാ പ്രതികളെയും പിടി കൂടിയത്. പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നുണ്ടെങ്കിലും പ്രതികൾക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
പ്രതികൾ ഉപയോഗിച്ച ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പാര്‍ട്ടിക്കെത്തിയ പബ്ബില്‍ പരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പിയതിന് പബ്ബിനെതിരെ കേസെടുത്തു.
ഗവര്‍ണര്‍ തമിഴിസൈ സൗന്ദര രാജന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രണ്ട് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദേശം നൽകി . ദേശീയ ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് വിശദീകരണം തേടി. കേസ് സിബിഐക്ക് വിടണമെന്ന് ആശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് AIMIM നേതാവിന്‍റെ മകന്‍റേതെന്ന പേരിൽ ഒരു ചിത്രവും ബിജെപി പുറത്തുവിട്ടിരുന്നു.
അതേസമയം ഹൈദരബാദ് ഓൾഡ് സിറ്റിയിൽ ഓട്ടോയിൽ പോയ 1 1 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ ഡ്രൈവറും സഹായിയും അറസ്റ്റിലായി.