സാമ്പത്തിക തട്ടിപ്പുകേസിൽ മാപ്പുസാക്ഷിയാകാനുള്ള നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ അപേക്ഷ തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പുകേസിൽ മാപ്പുസാക്ഷിയാക്കണമെന്ന് ആയിരുന്നു നടിയുടെ ആവശ്യം. എന്നാൽ ഇഡി ഇതിനെ കോടതിയിൽ എതിർത്തു. 

നടിക്കെതിരേ കേസിൽ തെളിവുകളുണ്ടെന്നും നടി അന്വേഷണവുമായോ ചോദ്യംചെയ്യലുമായോ സഹകരിച്ചിരുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. ഇഡിയുടെ നിലപാടിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നടിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇഡി രജിസ്റ്റർചെയ്ത കേസിൽ, താൻ നിരപരാധിയാണെന്നും വഞ്ചിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടി മാപ്പുസാക്ഷിയാകാൻ അപേക്ഷ നൽകിയത്. 

തനിക്ക് സുകേഷിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ ക്രിമിനൽ പ്രവൃത്തികളിലൂടെ നേടിയ സമ്പാദ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടി പറഞ്ഞിരുന്നു. എന്നാൽ കള്ളപ്പണം വെളുപ്പിക്കലിൽ നടിക്കും പങ്കുണ്ടെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനത്തിന്റെ പ്രധാന ഗുണഭോക്താവായിരുന്നു നടിയെന്നും ഇഡി കോടതിയെ അറിയിച്ചു. 

നടിക്ക് സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് സുകേഷിൽനിന്ന് കോടിക്കണക്കിന് രൂപയുടെ വിലയേറിയ സമ്മാനങ്ങൾ സ്വീകരിച്ചത്. സുകേഷുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഈ സംഭാഷണത്തിൽനിന്ന് എല്ലാകാര്യങ്ങളും അവർക്ക് അറിയാമായിരുന്നു എന്നത് വ്യക്തമാണ്. മാത്രമല്ല, അന്വേഷണത്തോട്‌ നടി സഹകരിച്ചില്ല. സത്യസന്ധമായ മൊഴി നൽകാൻ പലപ്പോഴും വിസമ്മതിച്ചെന്നും ഇഡി കോടതിയിൽ പറഞ്ഞു.

ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖർ നേരത്തേ അറസ്റ്റിലായത്. സുകേഷിന്റെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസിൽ പിടിയിലായിരുന്നു. അന്വേഷണത്തിനിടെയാണ്  നടി ജാക്വിലിൻ ഫെർണാണ്ടസുമായി സുകേഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇഡി കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും പ്രതി ചേർക്കുകയായിരുന്നു.

ENGLISH SUMMARY:

Jacqueline Fernandez's plea to become an approver witness in a financial fraud case has been rejected by the Enforcement Directorate. The ED argued that there is evidence against the actress and she did not cooperate with the investigation.